തിരുവില്വാമല: ഈ റിപ്പബ്ലിക് ദിനാഘോഷം അവർക്ക് നാലു പതിറ്റാണ്ടിനുശേഷമുള്ള ഒത്തുചേരൽ കൂടിയായി. പക്ഷേ പഴയ പിള്ളേരായല്ല 42 വർഷം മുന്പ് പഠിച്ചിറങ്ങിയ സ്കൂളിൽ ഒത്തുകൂടിയപ്പോൾ അവർ വീണ്ടും കുട്ടികളെപോലെയായി.
നൂറ്റാണ്ട് പിന്നിട്ട തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1978ൽ എസ്എസ്എൽസി കഴിഞ്ഞ് പുറത്തിറങ്ങിയ അന്നത്തെ കുട്ടികളാണ് നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സ്കൂളിന്റെ പടികയറിയത്. സ്കൂളിലെ പഴയ ആൽമരത്തിന്റെ ചുവട്ടിലായിരുന്നു അവരുടെ സംഗമം.
കാലം ഏറെ മാറ്റംവരുത്തിയെങ്കിലും പ്രായം ഷഷ്ടിപൂർത്തിയോട് അടുത്തെങ്കിലും പഴയ ഗുരുക്ക·ാരുടെ വാക്കുകൾ സഹപാഠികളുടെ കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ മനസുകൊണ്ട് പഴയകാലത്തേക്ക് തിരിച്ചുപോയി.
കണ്ടപ്പോൾ പലർക്കും തമ്മിൽ തിരിച്ചറിയാൻപോലും പറ്റുന്നില്ല. കാലം അവരെ അത്രയധികം മാറ്റിയിരുന്നു. പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു ഓർമകളുടെ ഘോഷയാത്ര. പലർക്കും പലതും പറയാനുണ്ടായിരുന്നു സ്കൂളിനെപറ്റി, അധ്യാപകരെകുറിച്ച്.
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞനാളുകൾ ഒരുവേള പഴയ വിദ്യാലയത്തിലെ കൂട്ടുകാരായി. സ്കൂളിനു സമീപമുള്ള കാട്ടുകുളം ആനമല ഹോം സ്റ്റേയിൽ പാട്ടും ഡാൻസുമൊക്കെയായി പഴയകാലത്തെ സ്മരിച്ച് വിഭവസമൃദ്ധമായ സദ്യയം കഴിച്ചാണ് നല്ല ഓർമകൾ മനസിൽ സൂക്ഷിച്ച് അവർ വിദ്യാലയ അങ്കണം വിട്ടിറങ്ങിയത്.