കോഴിക്കോട്: പ്രവേശനോത്സവമൊക്കെ ഗംഭീരം തന്നെ… പക്ഷെ, വിദ്യാഭ്യാസവകുപ്പിന് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലേ എന്നു ചോദിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. നഗരത്തില്‍ അവിടവിടെ സ്ഥാപിച്ച പ്രവേശനോത്സവ ബോര്‍ഡുകളിലൊന്നും “ഭ’ എന്ന അക്ഷരം ഇല്ല. സര്‍വശിക്ഷാ അഭിയാന്, വിദ്യാഭ്യാസവകുപ്പ് എന്നീ വാക്കുകളിലെ “ഭ’ യാണ് അപ്രത്യക്ഷമായിരിക്കുന്നത്.
തിരക്കിട്ട് ബോര്‍ഡുകള്‍ തയാറാക്കിയതുകൊണ്ടാണോ എന്നറിയില്ല, വലിയ അക്ഷരപിശക് കടന്നുകൂടിയതോടെ സ്കൂള്‍ പടികടന്നെത്തിയ കുരുന്നുകള്ക്കിടയിലും അധ്യാപകരുള്‍പ്പെടെയുള്ളവര്‍ നാണം കെട്ടു. ഒന്നാം ക്ലാസ് മുതല്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന ഉത്തരവിറക്കിയ സര്‍ക്കാരാണ് മലയാളത്തെ വികലമാക്കിയത്.
ജില്ലയിലെ മുക്കിലും മൂലയിലും സ്ഥാപിച്ച ഇത്രയധികം പരസ്യബോര്‍ഡുകളില്‍ തെറ്റ് വന്നതോടെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അധികൃതര്‍. പ്രവേശനോത്സവമായതിനാല്‍ തന്നെ എടുത്തുമാറ്റാനും വയ്യാത്ത അവസ്ഥയായി. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കായിരുന്നത്രെ സ്വാഗത ബോർഡുകൾ തയാറാക്കുന്നതിന്റെ ചുമതല.