കാസര്‍ഗോഡ് ഉപ്പളയില്‍ ഇന്നലെ എല്ലാവരും അന്വേഷിച്ചത് ഒരേയൊരു കാര്യമാണ്. എവിടെപ്പോയി അവന്‍. സംഭവം മറ്റൊന്നുമല്ല, ഉപ്പളയിലെ സ്വകാര്യ സ്കൂളിലെ കുട്ടിയെ കാണാനില്ല. മഞ്ചേശ്വരത്തു നടന്ന ഉപജില്ലാ കായികമേളയില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്കൊപ്പം പോയതാണ് കുട്ടി. ഒന്നാംക്ലാസില്‍ പഠിക്കുന്ന അവനൊപ്പം ആ സ്കൂളിലെ 19 കുട്ടികളുമായാണ് അധ്യാപകര്‍ പോയത്. മത്സരം കഴിഞ്ഞപ്പോള്‍ കൂടെ വന്നവര്‍ കുട്ടിയെ കൂട്ടാതെ മടങ്ങി.
ഏറെ നേരമായിട്ടും തന്നെക്കൂട്ടാന്‍ ആരും വരാത്തതിനെത്തുടര്‍ന്ന് കുട്ടി മണിക്കൂറുകളോളം ഒറ്റയ്ക്കുനടന്നു. കായികമേള നടക്കുന്ന സ്കൂളില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട് കുട്ടി പഠിക്കുന്ന സ്കൂളിലേക്ക്. സ്കൂള്‍ യൂണിഫോമില്‍ ബാഗുമായി നടന്ന് ക്ഷീണിച്ച കുട്ടിയെ മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.മുസ്തഫ, സാഹിര്‍, സുഹൈല്‍ എന്നിവരാണ് ഉപ്പള ടൗണില്‍ കണ്ടത്. കുട്ടിയുടെ പോക്ക് കണ്ട് സംശയം തോന്നിയ ഇവര്‍ എങ്ങോട്ട് പോയതാണെന്ന് ചോദിച്ചു.
കായികമേളയ്ക്ക് പോയതാണെന്നും തന്നെ കൂട്ടാതെയാണ് സ്കൂള്‍ ബസ് പോയതെന്നും പറഞ്ഞു. വീട്ടിലെ ഫോണ്‍നമ്പറും മറ്റും ചോദിച്ചപ്പോള്‍ കുട്ടിക്ക് പറയാന്‍ കഴിഞ്ഞില്ല. ഇതേസമയം, കുട്ടിയെ കാണാതെ വീട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. സ്കൂളില്‍ വിവരമന്വേഷിച്ചതോടെ അധ്യാപകരും തെരച്ചില്‍ തുടങ്ങി. ഇതിനിടെ കുട്ടിയെ കണ്ടുമുട്ടിയവര്‍ ബാഗിലുണ്ടായിരുന്ന സ്കൂള്‍ഡയറിയില്‍നിന്ന് കിട്ടിയ ഫോണ്‍നമ്പറില്‍ ഇവര്‍ മാതാപിതാക്കളെ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാഹനവുമായെത്തി. തൊട്ടുപിന്നാലെ സ്കൂളധികൃതരും വാഹനവുമായെത്തി. അബദ്ധത്തില്‍ പറ്റിപ്പോയതാണെന്നും മാപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞതോടെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.