പത്തനംതിയില് സ്കൂള് വിദ്യാര്ഥികള് തമ്മില് കയ്യാങ്കളി. നഗരത്തില് സ്വകാര്യ ബസ് സ്റ്റാന്ഡിന് മുന്നിലായിരുന്നു വിദ്യാര്ഥികള് ചേരിതിരിഞ്ഞ് പോരടിച്ചത്.
ഇതിനിടയില് സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം.
പതിനേഴ് വയസില് താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ട ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സംഘര്ഷത്തില് പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവര്. പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി.
പെണ്കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്ക്കങ്ങളാണ് ഏറ്റുമുട്ടലില് കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ബസ് സ്റ്റാന്ഡില് വിദ്യാര്ത്ഥികള് തമ്മില് ഏറ്റുമുട്ടല് പതിവാണ്. മുമ്പ് വൈകുന്നേരം സ്കൂള് വിട്ടുവന്ന ശേഷമാണ് പോര് വിളിച്ച് അടി നടത്തിയിരുന്നത്.
ഇതിന്റെ തുടര്ച്ചയായിട്ടാണ് ഇന്നലെ സംഘര്ഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്കൂള് വിട്ട് ഉച്ചയ്ക്ക് സ്റ്റാന്ഡിലെത്തി സംഘര്ഷത്തിലേര്പ്പെടുകയായിരുന്നു.
കസ്റ്റഡിയിലായ പരിക്കേറ്റ യുവാവില് നിന്ന് ചുറ്റികയും ബ്ലേഡും പോലീസ് പിടിച്ചെടുത്തു. ഇയളെ കൂടുതല് ചോദ്യം ചെയ്തുവരികയാണ്.
എതിര് സംഘം സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചതായി ഇയാള് പറഞ്ഞു. ഇന്സ്റ്റഗ്രാമില് വെല്ലുവിളി നടത്തിയ ശേഷമാണ് ഇന്നലെ യുവാക്കള് നഗരത്തില് ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.
പെണ്കുട്ടികളുടെ പേരിലാണ് മിക്കപ്പോഴും സംഘര്ഷമുണ്ടാകുന്നത്.