പെരുന്പാവൂർ: കുറുപ്പംപടി വേങ്ങൂർ സാന്തോം സ്കൂളിലേക്ക് വിദ്യാർഥികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബസിനും മതിലിനും ഇടയിൽപ്പെട്ട് ആയ മരിച്ചു. കുറുപ്പംപടി പ്രളയക്കാട് ആന്തുങ്കൽ അബിയുടെ ഭാര്യ എൽസി(35)യാണു ദാരുണമായി മരിച്ചത്. ഇന്നു രാവിലെ എട്ടോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്കേറ്റു. റോഡ് സൈഡിലൂടെ നടന്ന് പോയ അധ്യാപികയും കുട്ടികളും പരിക്കേറ്റവരിൽപ്പെടുന്നു.
പരിക്കേറ്റവരെ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും അധ്യാപികയെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികളെ എത്തിക്കുന്നതിനായി വാടകയ്ക്കു സർവീസ് നടത്തുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപമുള്ള റോഡിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട മിനി ബസ് പിറകിലേക്ക് ഉരുണ്ടുവന്ന് സമീപത്തെ മതിലിടിച്ചു മറിയുകയായിരുന്നു.
ഈ സമയം റോഡിലൂടെ നടന്നുവരികയായിരുന്നു എൽസിയും അധ്യാപികയും അടങ്ങുന്ന സംഘം. ബസിനും മതിലിനും ഇടയിൽപ്പെട്ട എൽസിയ്ക്കു ഗുരുതര പരുക്ക് ഏൽക്കുകയായിരുന്നു.അപകടം അറിഞ്ഞ് ഓടിക്കൂടിയവർ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും എൽസിയെ രക്ഷിക്കാനായില്ല. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.
ബസിന്റ ടയർ മോശമായിരുന്നതാണ് അപകട തീവ്രത വർധിപ്പിച്ചതെന്നാണു വിവരം. അപകടവിവരമറിഞ്ഞ് ഓടി കൂടിയ നാട്ടുകാരും പെരുന്പാവൂരിൽനിന്നെത്തിയ ഫയർഫോഴ്സ് ഓഫീസർ വി.എൻ. രാജന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.