മങ്കൊന്പ്: കോഴിച്ചാൽ വടക്കു പാടശേഖരത്തിനുള്ളിലൂടെ നാരകത്തറയിൽ നിന്നും കിഴക്കേചേന്നംകരിയിലേക്കുള്ള റോഡിൽ ഇന്നു രാവിലെ സ്കൂൾബസ് മറിഞ്ഞു. ചങ്ങനാശ്ശേരിയിലെ ഡോ. സക്കീർഹുസൈൻ മെമ്മോറിയൽ സ്കൂളിലെ നാലു കുട്ടികളാണ് അപകടസമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്. പാടത്തുവെള്ളമില്ലാതിരുന്നതിനാൽ നിസാര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു.198 ഏക്കർ വിസ്തീർണ്ണമുള്ള പാടശേഖരത്തിൽ രണ്ടാംകൃഷിക്കുവേണ്ടി വെള്ളംവറ്റിച്ചിട്ടിരുന്നതിനാലാണ് ദുരന്തം ഒഴിവായതെന്ന് പാടശേഖരസമിതി പ്രസിഡന്റ് ഫ്രാൻസീസ് ദേവസ്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം ഇതേസമയം കുട്ടനാട്ടിൽ വെള്ളപ്പൊക്കമായിരുന്നു. പാടത്തുകൃഷിയില്ലെങ്കിലും വെള്ളപ്പൊക്കദുരിതനിയന്ത്രണത്തിനുവേണ്ടി ആർ ബ്ലോക്ക് മോഡലിൽ പന്പിംഗ് നടത്തി പാടത്തിനുള്ളിലെ ജലനിരപ്പ് ക്രമീകരിച്ചുനിർത്താനാകുമെങ്കിലും, ബന്ധപ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മന്ത്രി ജി.സുധാകരൻ തന്നെ ഇത്തരത്തിലുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നെങ്കിലും ആരുമതു ഗൗനിച്ചില്ലെന്നാണ് അവരുടെ ആക്ഷേപം.
ജലനിരപ്പ് അൽപ്പമൊന്നുയർന്നാൽ പാടശേഖരങ്ങൾക്കുള്ളിലെ താഴ്ന്ന പുരയിടങ്ങളും വഴികളുമെല്ലാം വെള്ളത്തിനടിയിലാകും. തൊഴുത്തിലും ടോയ്ലറ്റിലുമൊക്കെ വെള്ളമെത്തും. കരക്കൃഷി നശിക്കും. റോഡുകൾ തകരും. പാടശേഖരങ്ങളുടെ പുറംബണ്ടിനുള്ളിൽ താമസിക്കുന്ന അനേകം കുടുംബങ്ങൾ ദുരിതത്തിലാകും. കഴിഞ്ഞവർഷം രണ്ടാംകൃഷി ഇല്ലായിരുന്ന കോഴിച്ചാൽ പാടത്ത് ഇത്തവണ കൃഷിക്കുവേണ്ടി വെള്ളംവറ്റിച്ചിട്ടിരുന്നതുകൊണ്ടുമാത്രമാണ് ബസ്സപകടത്തിൽപെട്ട കുട്ടികളെ രക്ഷിക്കാനായതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അപകടം നടന്ന റോഡിന്റെ വീതികുറവിനെക്കുറിച്ച് നാട്ടുകാർ പലവട്ടം ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നതാണ്. സൈക്കിളിനു സൈഡുകൊടുത്തപ്പോഴാണ്രതേ സ്കൂൾ ബസ് പാടത്തേക്കു മറിഞ്ഞത്. ഇതേ പാടത്തിനുള്ളിൽ കൃഷ്ണപുരത്തുനിന്നു കിഴക്കോട്ടുള്ള ട്രാക്ടർ റോഡിന്റെ നിർമ്മാണവും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്.
റോഡുകളുടെ അപര്യാപ്തത നെല്ലുസംഭരണത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പാടശേഖരസമിതി ആരോപിച്ചു. പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ട്രാക്ടർ റോഡുകൾ സംബന്ധിച്ച് നിലവിലുള്ള സർക്കാർ നയങ്ങൾ തിരുത്തണമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണികളും, മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിർമ്മാണവും അടിയന്തരമായി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.