രാമപുരം: തോട്ടം കവല ഷാപ്പിനു സമീപം സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. സ്കൂൾ ബസിലെ ഡ്രൈവർ കൂത്താട്ടുകുളം ഇടയാർ സ്വദേശി തങ്കപ്പൻ (52), സ്കൂൾ ബസിലെ ആയ കൂത്താട്ടുകുളം സ്വദേശി മേരി (40), സ്കൂൾ ബസിലെ വിദ്യാർഥി ബിൻ ഹരി (എട്ട്), ബസിലെ ഡ്രൈവർ കിഴതിരി എള്ളുകാലായിൽ സുരേന്ദ്രൻ (56) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നു രാവിലെ 7.20-നാണ് അപകടമുണ്ടായത്. കുണിഞ്ഞിയിൽനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന സെന്റ് തോമസ് ബസും എതിരേ കുട്ടികളുമായി വരികയായിരുന്നു സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ ബസിൽ കുടുങ്ങിയ ഡ്രൈവർ തങ്കപ്പനെ കൂത്താട്ടുകുളത്തുനിന്നുമെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും രാമപുരം പോലീസും ചേർന്നു ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസിൽ അപകടസമയത്ത് 20 വിദ്യാർഥികളുണ്ടായിരുന്നു. അപകടസ്ഥലം നന്നേ വീതികുറവുള്ളതും കൊടും വളവുമാണ്. ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. രാമപുരം സിഐ ജോയി മാത്യു, എസ്ഐ ജെർളിൻ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തുള്ള പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.