പത്തനംതിട്ട: ഓട്ടത്തിനിടെ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു. വൻ അപകടം ഒഴിവായി. നിറയെ കുട്ടികളുമായി വന്ന പത്തനംതിട്ട അമൃത വിദ്യാലയത്തിലെ സ്കൂൾ ബസിന്റെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ 8 .10 ന് വാഴമുട്ടം പുതുപറന്പിൽ ജംഗ്ഷനു സമീപമാണ് സംഭവം. കോട്ടയം ഭാഗത്ത് നിന്നും കുട്ടികളുമായി പത്തനംതിട്ടക്ക് വരികയായിരുന്ന ബസിന്റെ പിറകിലെ ഇടതു വശത്തെ ടയറാണ് ഊരി വീണത്. എന്നാൽ ഡ്രൈവർ ഇതറിയാതെ അന്പത് മീറ്ററോളം മുന്നോട്ട് പോയി. റോഡിൽ നിന്നവർ ബഹളം വച്ച് ബസ് നിർത്തിക്കുകയായിരുന്നു.
തൊട്ടടുത്ത ടയറിന്റെയും നട്ടുകൾ ഉൗരി മാറ്റിയ അവസ്ഥയിലായിരുന്നു. കുറച്ച് ദൂരം കൂടി പോയാൽ ഈ ടയറും ഇളകി മാറിയേനെ. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതേ പോലെ വലതു വശത്തെ ടയറുകൾക്കും നട്ടുകൾ ഇല്ലാതിരുന്നത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. കരുനാഗപ്പള്ളിയിൽ കഴിഞ്ഞ മാസം 14 നാണ് ബസ് ടെസ്റ്റ് കഴിഞ്ഞ് പത്തനംതിട്ടയിൽ കൊണ്ടു വന്നത്.
പിന്നീട് ബുധനാഴ്ചയും വ്യാഴാഴ്ചയും കുട്ടികളെയും കൊണ്ട് പോയിരുന്നു. വ്യാഴാഴ്ച സ്കൂൾ ഓട്ടം കഴിഞ്ഞ് വാഴമുട്ടത്തുള്ള ഡ്രൈവർ രതീഷിന്റെ വീടിനു സമീപം റോഡരികിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.
ബസ് നിയന്ത്രണം വിട്ടിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്ന് പറയുന്നു. വാഹനം എടുക്കും മുന്പ് ഡ്രൈവർ ബസ് പരിശോധിക്കാത്തത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പതിവിലും നേരത്തെയാണ് ഇന്നലെ ബസ് കടന്നു പോയതെന്നും ഇത് കാരണം ചില കുട്ടികൾക്ക് ബസിൽ കയറാൻ പറ്റിയില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. അപകടത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.