മലപ്പുറം: വിദ്യാർഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച് സ്കൂളുകൾക്കു കത്തു നൽകി. വിദ്യാർഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ടു ഓരോ വിദ്യാലയങ്ങളിലും അധ്യാപക, രക്ഷാകർതൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കുകയും ഒരു അധ്യാപകനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് നിർദേശമുണ്ട്.
ഓരോ കുട്ടിയുടെയും യാത്ര സംവിധാനം ഏതെല്ലാമാണെന്നു തരംതിരിച്ചു ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട ഫോണ് നന്പർ എന്നിവ ശേഖരിച്ചു പ്രത്യേകം രജിസ്റ്റർ തയാറാക്കണം.
വാഹനത്തെ സംബന്ധിച്ച് വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകൻ, ഗതാഗത ചുമതലയുള്ള നോഡൽ ഓഫീസർ, പിടിഎ പ്രതിനിധി എന്നിവർ ഒപ്പിട്ട 14 നിർദേശം അടങ്ങിയ സത്യവാങ്മൂലം ജൂണ് 15 നകം അതത് ആർടിഒ, സബ്ആർടി ഓഫീസുകളിൽ നൽകണം.
ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങൾ കുട്ടികളുടെ യാത്രാ വേളകളിൽ ഉണ്ടാകുന്ന പക്ഷം വിവരം കാലതാമസമില്ലാതെ പോലീസ്, മോട്ടോർ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം. ഓരോ സ്കൂളിലെയും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനങ്ങളിലെയും മറ്റു വാഹനങ്ങളിലെയും ഡ്രൈവർമാർ എടപ്പാൾ കണ്ടനകത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിംഗ് ആൻഡ് റിസർച്ച് (ഐഡിടിആർ)ൽ പരിശീലനം പൂർത്തീകരിച്ചുവെന്നു ഉറപ്പു വരുത്തണം.
0494 2972100, 2100100 എന്നീ നന്പറുകളിൽ വിളിച്ച് പരിശീലനത്തിന് ബുക്ക് ചെയ്യാവുന്നതാണ്. വിദ്യാലയങ്ങളിലെ മുഴുവൻ വാഹനങ്ങളുടെയും രേഖകൾ സാധുവാണെന്നും വാഹനത്തിനു ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തണം.
വാഹനങ്ങൾക്കു തുടർന്നുള്ള ആനുകാലിക അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടത്തണം. സ്കൂളിലെ വാഹനങ്ങളിൽ നിശ്ചയിച്ചിട്ടുള്ള ഡ്രൈവർമാർ മതിയായ യോഗ്യതയും പ്രവൃത്തി പരിചയവും ഈ വർഷത്തെ ഐഡിടിആർ പരിശീലനം പൂർത്തിയാക്കിയവരാണെന്നും ഉറപ്പ് വരുത്തണം. സ്കൂളിലുള്ള എല്ലാ വാഹനങ്ങളിലും കുട്ടികളെ സുരക്ഷിതമായി കയറ്റി ഇറക്കുന്നതിനും, റോഡ് മുറിച്ചു കടക്കുന്നതിനും സഹായിക്കാൻ ഡോർ അറ്റൻഡർ.
ആയമാരെ നിയമിക്കണം. സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നില്ലെന്നു ഉറപ്പുവരുത്തണം. അമിത വേഗത തടയുന്നതിനാവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വാഹനങ്ങളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വിഎൽടിഎസ്, ജിപിഎസ്) ഘടിപ്പിച്ചിട്ടുണ്ടെന്നും അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകൾ പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കണം.
ജിപിഎസിൽ നിന്നു വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുകയും സമയബന്ധിതമായി ഇടപെടുകയും വിവരങ്ങൾ യഥാസമയം അധികാരികളെ അറിയിക്കുകയും വേണം. സ്കൂൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾ (പേര്, ക്ലാസ്, കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, രക്ഷിതാവിന്റെ പേര്, ഫോണ്നന്പർ) യാത്ര ചെയ്യുന്ന വാഹനത്തിലും സ്കൂളിലും സൂക്ഷിക്കണം.
കരാറടിസ്ഥാനത്തിൽ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്കു കൊണ്ടു വരുന്നില്ലെന്നും ഓട്ടോറിക്ഷകളിലും മറ്റുവാഹനങ്ങളിലും കുത്തിനിറച്ചു കൊണ്ടുവരുന്നില്ലെന്നും ഉറപ്പു വരുത്തണം. അത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹനവകുപ്പ്, പോലീസ് അധികാരികളെ അറിയിക്കണം. സ്കൂൾ വളപ്പിനകത്ത് അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നില്ലെന്നും ജീവനക്കാരുടെയും മറ്റും വാഹനങ്ങൾക്കു പ്രത്യേക പാർക്കിംഗ് ഏരിയ നിശ്ചയിച്ചു നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കണം.
സ്കൂൾ തുടങ്ങുന്ന സമയത്തും ക്ലാസ് വിടുന്ന സമയത്തും പ്രവേശനകവാടത്തിൽ കാൽനടയാത്രക്കാർക്കു അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കണം. സ്കൂളിലെ വാഹനങ്ങൾ സംബന്ധിച്ചുള്ള എല്ലാരേഖകളും ഡ്രൈവർ, ആയ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങളും സൂക്ഷിക്കണം.
സ്കൂളിലെ വിദ്യാർഥികളുടെ യാത്രാ സംബന്ധമായ പരാതികൾ ഗൗരവമായി പരിശോധിക്കുകയും ആവശ്യമെങ്കിൽ നടപടികൾക്കായി പോലീസ്, മോട്ടോർ വാഹനവകുപ്പ് അധികാരികളെ അറിയിക്കുകയും വേണം. സ്കൂൾ വിദ്യാർഥികൾ മോട്ടോർ വാഹനം ഓടിച്ച് വരുന്നത് നിരീക്ഷിക്കുന്നതിനു അധ്യാപകരുടെ കമ്മിറ്റി രൂപീകരിക്കണം. സ്കൂളിലും പരിസരത്തും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, മോട്ടോർ വാഹനവകുപ്പ് അധികാരികളെ അറിയിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.