കൊല്ലം: നാളത്തെ തലമുറയുടെ സംരക്ഷകരാണ് കുട്ടികളെ സ്കൂളിൽ കൊണ്ട് പോകുന്ന ഓരോ വാഹനങ്ങളുടെയും ഡ്രൈവർമാരെന്ന് ട്രാക്ക് പ്രസിഡന്റും കൊല്ലം ആർ ടി ഓ യുമായ ആർ തുളസീധരൻപിള്ള അഭിപ്രായപ്പെട്ടു.
മോട്ടോർ വാഹനവകുപ്പിന്റേയും ട്രാക്കിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും ക്ളീനർമാർക്കും ആയമാർക്കും വേണ്ടി കൊല്ലം വൈഎംസിഎ യിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് ഡ്രൈവർമാരിൽ നിന്നു നിങ്ങളെ വ്യത്യസ്തരാക്കുന്നതും ഇത് തന്നെയാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ വിശ്വാസത്തോടെയാണ് നിങ്ങളെ അവരുടെ കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നത് . അതിനനുസരിച്ചുള്ള ഉത്തരവാദിത്വം നിങ്ങളിൽ നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്ക് ട്രഷറർ റിട്ട.ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രാക്ക് സെക്രട്ടറി എം വി ഐ പ്രവീൺ, വൈസ് പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, പി ആർ ഓ റോണാ റിബെയ്റോ, എഎംവിഐ മാരായ ബൈജു, ഡിനൂപ്, സന്തോഷ്, ഷബീർ അലി, ദീപു തുടങ്ങിയവർ പ്രസംഗിച്ചു.
307 ഡ്രൈവർമാർ പങ്കെടുത്ത ബോധവൽക്കരണ പരിപാടിയിൽ എം വി ഐ ആർ. ശരത് ചന്ദ്രൻ റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും കൊട്ടിയം ഹോളി ക്രോസ് ആശുപത്രി എമർജൻസി സ്റ്റാഫ് മുകേഷ് പ്രഥമ ശുശ്രുഷ പരിശീലന ക്ലാസും നയിച്ചു. ട്രെയിനിങ്ങിൽ പങ്കെടുത്ത എല്ലാപേർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 347ഓളം വാഹനങ്ങൾ പരിശോധിച്ചു ഫിറ്റ്നസ് ഉറപ്പു വരുത്തി സ്റ്റിക്കർ പതിച്ചു. 32 വാഹനങ്ങൾ തകരാറു പരിശോധിച്ചു ഹാജരാക്കാൻ നിർദേശിച്ചു.