വിഴിഞ്ഞം: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം നടത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവി യിൽ. ഇവരെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ഊർജിതമാക്കി. ഇതിനായി ഷാഡോ പോലീസിന്റെ യോഗം ഇന്ന് രാവിലെ കാഞ്ഞിരംകുളം സ്റ്റേഷനിൽ നടന്നു. കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അക്രമികൾ ഒരു സ്കൂൾ ബസ് കത്തിക്കുകയും എട്ട് ബസുകളുടെ ഗ്ലാസുകൾ അടിച്ച് തകർക്കുകയും ചെയ്തത്.
32 ലക്ഷത്തോളം രൂപ മുടക്കി ആറ് മാസം മുൻപ് വാങ്ങിയ ഏ.സി ബസ് പൂർണ്ണമായി കത്തി നശിച്ചു.പൊക്കത്തിലുള്ള മതിൽ കെട്ടിന്റെ പുറകുവശത്തുകൂടി ചാടിക്കടന്നെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. എന്നാൽ അവസാനത്തെ ബസിന്റെ ചില്ല് തകർത്ത് മടങ്ങുന്ന അക്രമിസംഘത്തിന്റെ ദൂരെക്കാഴ്ചയുള്ള ടിവി ദൃശ്യങ്ങളായതിനാൽ ഇവരെ പൂർണ്ണമായിതിരിച്ചറിയാനായിട്ടില്ല.
പുലർച്ചെ മൂന്നോടെ നടന്ന സംഭവം സ്കൂളിന്റെ മുൻവശത്ത് കാവലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും അറിഞ്ഞില്ല. ശക്തമായ മഴ കാരണം ശബ്ദമൊന്നും കേട്ടില്ലെന്നും രാവിലെയാണ് സംഭവമറിയുന്നതെന്നും പോലീസിന് മൊഴി നൽകിയെങ്കിലും കൂടുതൽ ചോദ്യം ചെയ്യാൻ സെക്യൂരിറ്റിയെ കസ്റ്റഡിയിലെടുത്തിരുന്നു.എന്നാൽ ഇയാൾ നിരപരാധിയെന്ന് കണ്ട പോലീസ് രാത്രിയോടെ വിട്ടയച്ചു.
നിരവധി കെട്ടിടങ്ങൾ ഉള്ള സ്കൂളിൽ സുരക്ഷക്കായി ആറ് സിസി ടിവി കാമറകൾ സ്ഥാപിച്ചിരുന്നു.ഇതിൽ ഒന്നിൽ മാത്രമാണ് അക്രമികളുടെ ചിത്രങ്ങൾ പതിഞ്ഞത്.എന്നാൽ ഓഫീസിന് മുന്നിൽ ബസ്കത്തിയമർന്ന സ്ഥലത്ത് കാമറയില്ലായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.ടയറുകളും ബോഡിയും ഉൾപ്പെടെ പൂർണ്ണമായി തീ വിഴുങ്ങിയെങ്കിലും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാത്തത് അപകടം ഒഴിവാക്കി.സ്കൂളിന്റെ മുൻവശത്ത് വീടുകൾ ഉണ്ടെങ്കിലും പുറകുവശം വിജനമാണ് താനും.
ഈ ഭാഗത്ത് കൂടിയാണ് അക്രമിസംഘം വന്ന് പോയതെന്ന് പോലീസ് പറയുന്നു.ഫോറൻസിക് വിദഗ്ദരും വിരലടയാ ള വിദഗ്ദരും ഡോഗ് സ്ക്വാഡും ഇന്നലെസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും രാത്രി പെയ്തമഴ തെളിവ് ശേഖരണത്തിന് തിരിച്ചടിയായി. ഇരുമ്പ് കമ്പി കൊണ്ടോ, ഭാരമുള്ള വടികൊണ്ടോ ആകാം ബസുകൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് കരുതുന്നെങ്കിലും തെളിവുകൾ ഒന്നും അവശേഷിച്ചിട്ടില്ല . സ്കൂളിനുള്ളിലെ ടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സമീപത്തെ വീടുകളിലെ കാമറകളും പരിശോധനക്ക് വിധേയമാക്കും.