സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ പോലീസ് കർശന നടപടികളുമായി രംഗത്ത്. സ്കൂൾ വിദ്യാർഥികളുടെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ഈ അധ്യയന വർഷം കർശന നടപടികളാണ് കൈക്കൊള്ളുന്നത്.
സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് നിർദ്ദേശം നൽകിക്കഴിഞ്ഞു.
സ്കൂളുകളുടെ സ്വന്തം വാഹനമായാലും രക്ഷിതാക്കൾ നേരിട്ട് ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനമായാലും കുട്ടികളെ വണ്ടികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്ന പ്രധാന നിർദ്ദേശമാണ് ഡിജിപി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടാൽ അതാത് സ്റ്റേഷൻ ഓഫീസർമാരോട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർവാഹന വകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണമെന്നും ഡിജിപി നിർദ്ദേശിച്ചു.അധ്യയന വർഷം തുടങ്ങുന്പോൾ തന്നെ പഴുതടച്ച പരിശോധനകൾ നടത്താനും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും മറ്റും കണ്ടെത്തി നടപടിയെടുക്കാനും അതുവഴി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഡിജിപി നിർദ്ദേശിച്ചു.
മാർഗരേഖ തയ്യാറാക്കി
തൃശൂർ: സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തി കേരള പോലീസ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡർ (എസ്.ഒ.പി) തയാറാക്കി. കേരള പോലീസ് വെബ്സൈറ്റിൽ ഇതിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, ോട്ടോർ വാഹനവകുപ്പ്, അധ്യാപക -രക്ഷകർതൃ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവരുമായി വിശദമായി ചർച്ച നടത്തിയാണ് എസ്.ഒ.പി തയാറാക്കിയതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എസ്.ഒ.പി പ്രിന്റെടുത്ത് തങ്ങളുടെ അധികാര പരിധിയിലുള്ള എല്ലാ സ്കൂൾ മേധാവിമാർക്കും കൈമാറാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി നിർദ്ദേശം നൽകി. സ്കൂൾ തുറക്കും മുന്പ് ഇത് കൈമാറിയിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓഫ് സ്കൂൾ ഗോയിംഗ് ചിൽഡ്രൻ എന്ന ടൈറ്റിലിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ പലതലങ്ങളിലും പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള മാർഗനിർദ്ദേശരേഖ പോലീസ് തയ്യാറാക്കിയത്.
സ്കൂൾ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന, കുട്ടികളെ പീഡനത്തിനിരയാക്കുന്ന സംഭവങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മാർഗരേഖ.കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്കൂളുകളിലെ ഒരു തസ്തികയിലും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. പോലീസ് വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
സ്കൂളിലേക്ക് പുറത്തുനിന്നുളൽവരുടെ പ്രവേശനം നിയന്ത്രിക്കുകയെന്നതാണ് മറ്റൊരു ശുപാർശ. സ്കൂളിലെ എന്തെങ്കിലും നിർമാണപ്രവർത്തനങ്ങൾക്കോ അറ്റകുറ്റപണികൾക്കോ വരുന്നവർ സ്കൂൾ സമയം കഴിഞ്ഞേ കോന്പൗണ്ടിലേക്ക് വരാൻ പാടുള്ളുവെന്നും എസ്ഒപയിൽ പറയുന്നു.
സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരടക്കമുള്ളവർക്ക് ഐഡിന്റിറ്റി കാർഡുകൾ നിർബന്ധമാക്കണം. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം ശുചിമുറിയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂളുകളിൽ സിസി ടിവി കാമറകൾ പരമാവധി സ്ഥാപിക്കണമെന്നും സുരക്ഷ നടപടികളുടെ ഭാഗമായി ശുപാർശയുണ്ട്. പ്രധാനപ്പെട്ട ഭാഗങ്ങളിലെങ്കിലും ഇവ ഘടിപ്പിക്കണം. 45 ദിവസമെങ്കിലും ഇതിലെ ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും പറയുന്നു.വിദ്യാർഥികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കണമെന്നും സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായി ഇതു കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്.
സ്കൂളിലെ അനധ്യാപകരായ ജീവനക്കാർക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവത്കരണങ്ങളും മാർഗനിർദ്ദേശങ്ങളും നൽകണമെന്നതും കർശനമാക്കും.സ്റ്റേഷൻ ഹൗസ് ഓഫീസറും വാർഡ്മെംബറും പിടിഎ പ്രസിഡന്റും രക്ഷിതാക്കളും അധ്യാപകരും എല്ലാമടങ്ങുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ എല്ലാ സ്കൂളുകളിലും നിർബന്ധമായും രൂപീകരിക്കാനും ശുപാർശയുണ്ട്.
ക്യാപ് വ്യാപിപ്പിക്കും
കേരള പോലീസ് ആവിഷ്കരിച്ച ക്യാപ് (ചിൽഡ്രൻ ആന്റ് പോലീസ്) ഈ അധ്യയന വർഷം കൂടുതൽ പോലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.കേരളത്തിലെ വിദ്യാർഥികൾക്ക് കരുതലും സംരക്ഷണയും നൽകാനാണ് ക്യാപ് ആവിഷ്കരിച്ചിട്ടുള്ളത്. ഇപ്പോൾ സംസ്ഥാനത്ത് ആറ് പോലീസ് സ്റ്റേഷനുകളിലാണ് ക്യാപ് സംവിധാനമുള്ളത്. അറുപതോളം സ്റ്റേഷനുകളിലേക്ക് ഈ അധ്യയന വർഷം ക്യാപ് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന കണക്കുകളും
2016ൽ കേരളത്തിൽ കുട്ടികൾക്കെതിരെ നടന്ന 817 കുറ്റകൃത്യങ്ങളിൽ 88 എണ്ണം സ്കൂളുകളിൽ വച്ചും 406 എണ്ണം പൊതു ഇടങ്ങളിലും വച്ച് നടന്നെന്ന് എസ്.ഒ.പിയിൽ പറയുന്നു. കഴിഞ്ഞ വർഷം 1518 വയസിനിടയിലുള്ള 1029 കുട്ടികളും 1014 വയസിനിടയിലുള്ള 800 കുട്ടികളും ലൈംഗിക പീഡനത്തിനിരയായിയെന്ന് കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ചൈൽഡ് റൈറ്റ്സ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നുണ്ടെന്നും എസ്.ഒ.പിയിൽ പരാമർശിച്ചിട്ടുണ്ട്.