കൂത്താട്ടുകുളം: ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നു സ്ഥിരീകരിച്ചു. വിദ്യർഥികളെ രക്ഷിക്കാനായാണ് വാഹനം വൈക്കം കവലയിലെ മൺ തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയത്. പക്ഷേ മരണം ജോസിന്റെയും വിദ്യാർഥികളായ ആൻമരിയയുടെയും നയനയുടെയും ജീവനെടുത്തു വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികളോട് ഡ്രൈവര്‍ ജോസ് പറഞ്ഞിരുന്നതായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുമ്പുള്ള സ്റ്റോപ്പില്‍ നിന്നു വാഹനത്തില്‍ കയറാന്‍ രണ്ടു വിദ്യാര്‍ഥികള്‍ കാത്തുനിന്നിരുന്നെങ്കിലും വാഹനം നിര്‍ത്താതെ കടന്നുപോയതും ബ്രേക്ക് നഷ്ടപ്പെട്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. വൈക്കം റോഡില്‍ നിന്നു എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
ചെറിയ ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ എംസി റോഡ് മുറിച്ചുകടന്ന് എതിര്‍ദിശയിലുള്ള മണ്‍തിട്ടയില്‍ ഇടിച്ചുനിര്ത്താനുള്ള ജോസിന്റെ ശ്രമത്തിനിടെയാണ് സ്വന്തം ജീവനും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനും നഷ്ടമായ അപകടത്തിലേക്കു നയിച്ചത്. 20 വര്‍ഷത്തോളമായി സ്വന്തമായി വാഹനമുള്ള ജോസ് കഴിഞ്ഞ 10 വര്‍ഷമായി വിദ്യാര്‍ഥികളെ സ്കൂളില്‍ കൊണ്ടുപോകുന്നുണ്ട്.
ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹം ഒരിക്കലും അമിത വേഗതയിലോ അശ്രദ്ധമായോ വാഹനം ഓടിച്ചിട്ടില്ലെന്നും വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളെ സ്വന്തം കുട്ടികളോടെന്ന പോലെയാണ് പെരുമാറിയിരുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.കഠിനാധ്വാനിയായ ജോസ് വീട്ടില്‍ ഡെയറി ഫാമും നടത്തിവരുന്നുണ്ട്.വാഹനം ഓടിച്ചും ഫാം നടത്തിയും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മുത്തോലപുരം ക്ഷീരോല്പാദക സംഘം പ്രസിഡന്റുകൂടിയായിരുന്നു ജോസ്.