കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികളുടെ ജീവന് പുല്ലുവിലയുമായി സ്വകാര്യ വാഹനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങളെ കുത്തിനിറച്ചും അപകടകരമാംവിധത്തിലുമാണ് സ്കൂള്‍ വാഹനങ്ങള്‍ യാത്ര തുടരുന്നത്. നാലുചക്രമുള്ള ചെറിയ ബസുകളും വാനുകളുമാണ് ഇത്തരത്തില്‍ അപകടകരമാം വിധം യാത്ര തുടരുന്നത്. ഇത്തരത്തിലുള്ള ബസുകളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ നിറച്ചുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും ഇത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പിനും പോലീസിനും സാധിക്കുന്നില്ല.
ബസിന്റെ ബോഡിയുടെ ഭാരം ടയറുകള്‍ക്ക് താങ്ങാനാവാതെയാണ് ഇത്തരം ബസുകള്‍ മറിയുന്നത്. അപകടമുണ്ടാവുമ്പോള്‍ മാത്രം നടപടിയുമായി രംഗത്തെത്തുന്ന അധികൃതര്‍ ഇത്തരം വാഹനങ്ങളെ സ്കൂള്‍ വാഹനങ്ങളുടെ ഗണത്തില്‍നിന്നും മാറ്റാന്‍ തയാറാവുന്നില്ല.
അതേസമയം, മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായ വലിയ വാഹനങ്ങള്‍ മാത്രമാണ് സ്കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നുള്ളൂവെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ സി.ജെ. പോള്‍സണ്‍ പറഞ്ഞു. മറ്റു സ്വകാര്യ വാഹനങ്ങള്‍ സ്കൂളില്‍നിന്നും കുട്ടികളുമായി പോകുന്നുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. സ്കൂള്‍ വാഹനങ്ങള്‍ക്ക് സമാനമായ രീതിയില്‍ കുട്ടികളുമായി പോവുന്ന അനധികൃത വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാനായി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല വാഹനങ്ങളും ഇപ്പോഴും യാത്ര തുടരുന്നത്. സ്കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും നേവി ബ്ലൂ അക്ഷരങ്ങളില്‍ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് ബസ് എന്നെഴുതി വയ്ക്കണമെന്നും ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന് വെളുത്ത പാശ്ചാത്തലത്തില്‍ നീല അക്ഷരത്തില്‍ എഴുതണമെന്നുമാണ് ചട്ടം. എന്നാല്‍ കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഭൂരിഭാഗവും “ഓണ്‍ സ്കൂള്‍ ഡ്യൂട്ടി’ എന്ന ബോര്‍ഡ് വയ്ക്കാറില്ല.
സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രണ്ടുവശങ്ങളിലും പുറകിലും വയ്ക്കണം. സ്കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണമെന്നും ഹെവി വാഹനമാണെങ്കില്‍ അഞ്ചു വര്‍ഷത്തെ അധിക പ്രവൃത്തി പരിചയം കൂടി ഉണ്ടായിരിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതും പാലിക്കപ്പെടുന്നില്ല.
വാഹനത്തിന് ഉറപ്പുള്ള വാതിലും കുട്ടികളെ കയറ്റിയിറക്കാന്‍ പ്രായപൂര്‍ത്തിയായ ആയയും ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ പലവാഹനത്തിലും ആയമാരുടെ സേവനം ഉപയോഗിക്കുന്നില്ല. ബസിലെ അഗ്നിശമന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരുടെ സാന്നിധ്യം വേണമെന്നാണെങ്കിലും അതിനും ആളില്ല. കോഴിക്കോട് നഗരത്തിൽ ഇത്തരത്തിൽ കുട്ടികളുമായി സർവീസ് നടത്തുന്ന ബസുകളിലധികവും ഇതര ജില്ലകളിൽ രജിസ്റ്റർ ചെയ്തവയാണ്.