നാദാപുരം: സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച കൊണ്ട് പോകുന്നെന്ന പരാതിക്കിടെ പരിശോധനയ്ക്കായി കൈകാണിച്ച് നിര്‍ത്തിയ സ്കൂള്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാറക്കടവ് വളയം റോഡില്‍ ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് കാരെ വെട്ടിലാക്കിയ സംഭവം ഉണ്ടായത്.
താനക്കോട്ടൂര്‍ യു പി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 എഫ് 2498 മിനി ബസിന്റെ ഡ്രൈവറാണ് വാഹന പരിശോധനയ്ക്കിടെ കുട്ടികളെയും വാഹനവും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്.അധികൃതര്‍ നടത്തിയ പരിശോധനയില്‍ 17 വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള വാഹനത്തില്‍ 48 കുട്ടികളെ കുത്തി നിറച്ചതായി കണ്ടെത്തുകയും ഈ വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ, നികുതി ചീട്ടോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു.
ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും അത് കൊണ്ടാവാം ഓടി രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.48 കുട്ടികളെയും ഉദ്യോഗസ്ഥര്‍ തന്നെയാണ് ഓരോരുത്തരുടെയും വീടുകളില്‍ കൊണ്ട് വിട്ടത്. വാഹനം കസ്റ്റഡിയിലെടുത്ത് നാദാപും പോലീസിന് കൈമാറി.വിദ്യാര്‍ഥികളെ കുത്തിനിറച്ച നിലയില്‍ മറ്റ് മൂന്ന് വാഹനങ്ങളും,ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്തതും ആയമാരില്ലാതെ സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങളും അധികൃതര്‍ പടികൂടി.
സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് പോകുകയായിരുന്ന മൂന്ന് വാഹനങ്ങളും അധികൃതരുടെ പിടിയിലായി. ഇവയ്ക്കെല്ലാം പിഴ ചുമത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംവിഐ മാരായ എ.ആര്. രാജേഷ്,അജില്‍ കുമാര്‍ എഎംവിഐ വി.ഐ. അസ്സിം എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.