തൃശൂർ: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചു.
അപകടങ്ങളിൽ പെടുന്ന പല വാഹനങ്ങളും പിന്നീട് പരിശോധിക്കുന്പോൾ പൂർണമായും പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടികൾ കർശനമാക്കുന്നത്. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള വാഹനങ്ങൾ പിന്നീട് സ്കൂൾ വാഹനങ്ങളായി പരിഷ്കരിച്ച് ഉപയോഗിക്കുന്നതും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ സ്കൂൾ അധികൃതർക്കെതിരെയും കർശന നടപടിയെടുക്കും.
വേണ്ടത്ര യോഗ്യതയില്ലാത്തവരും ശരിയായ പരിശീലനം ലഭിക്കാത്തവരും വാഹനങ്ങൾ ഓടിക്കുന്നത് കർശനമായി തടയും. മരട് സ്കൂൾ വാൻ അപകടത്തെ തുടർന്നാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പോലീസും വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പുമെല്ലാം സ്കൂൾ വാഹന സുരക്ഷക്കായി നിരവധി നിർദ്ദേശങ്ങൾ മുന്പ് നൽകിയിരുന്നുവെങ്കിലും പലതും പാലിക്കപ്പെടാത്ത സാഹചര്യം കണക്കിലെടുത്താണ് കർശന നടപടികൾക്ക് തീരുമാനിച്ചിരിക്കുന്നത്.