വൈപ്പിൻ: വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ വാഹനങ്ങൾക്ക് സേഫ്റ്റി സ്റ്റിക്കർ പതിപ്പിക്കും. മുനന്പത്ത് സംഘടിപ്പിച്ച വിദ്യാലയ സുരക്ഷ സദസിലാണ് തീരുമാനം. ജൂണ് 30 നുള്ളിൽ ആർടിഒയുടെ ടെസ്റ്റ് ഗ്രൗണ്ടിലോ, സ്കൂൾ അധികൃതർ അറിയിച്ചാൽ സ്കൂളുകളിലോ മോട്ടോർവാഹന വകുപ്പ് അധികൃതർ സ്റ്റിക്കർ എത്തിക്കും.
ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ സ്കൂൾ വാഹനങ്ങളിലും ആയമാരുടെ സേവനം ലഭ്യമാക്കണം. ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധമായി വേണം. ഓട്ടോറിക്ഷകളിൽ ആറു കുട്ടികളിൽ കൂടുതൽ കയറ്റരുത്. ഇക്കാര്യം രക്ഷിതാക്കൾതന്നെ ശ്രദ്ധിക്കണം.
രാവിലെ 8.30 മുതൽ 9.30 വരെയും ഉച്ചകഴിഞ്ഞു 3.30 മുതൽ 4.30 വരെയും ടിപ്പറുകൾ ഓടിക്കരുത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പോലീസ് ക്ലിയറിംഗ് സർട്ടിഫിക്കറ്റും ബോധവൽക്കരണക്ലാസും നൽകും. റോഡിൽ പാലിക്കേണ്ട സുരക്ഷാനിയമങ്ങളെക്കുറിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണക്ലാസ് നടത്തും.
വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനും സുരക്ഷാ സദസ് തീരുമാനമെടുത്തു. തിരക്കേറിയ സ്കൂളുകളുടെ മുന്നിൽ പോലീസ് സഹായം ഉറപ്പാക്കും. സ്വകാര്യ ബസുകളിൽ കാമറകൾ സ്ഥാപിക്കുമെന്നു യോഗത്തിൽ സംബന്ധിച്ച ബസുടമസംഘടനാ ഭാരവാഹികൾ പറഞ്ഞു. സ്വകാര്യബസുകൾക്കുനേരേയുള്ള അതിക്രമം തടയാൻകൂടിയാണിത്.
പോലീസും മോട്ടോർവാഹന വകുപ്പും എക്സൈസും, ബസുടാമാ സംഘവും ഡ്രൈവേഴ്സ് അസോസിയേഷൻ, റസിഡൻസ്, പിടിഎ കമ്മിറ്റികൾ, ആരോഗ്യവകുപ്പ് എന്നിവ ചേർന്ന് സംഘടിപ്പിച്ച സുരക്ഷാ സദസ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. മുനന്പം എസ്ഐ ടി.ബി. ഷിബു അധ്യക്ഷതവഹിച്ചു.
മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ, എക്സൈസ് സിവിൽ ഓഫീസർ ടി.എ. രതീഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആന്റണി, പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക റെക്ടർ ജോണ്സണ് പങ്കേത്ത്, കെ.കെ. അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.