കോട്ടയം: കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടിക്ക് സമീപം പാറപ്പാടത്ത് ടിപ്പറും പയ്യപ്പാടി ജിസാറ്റിന്റെ സ്കൂൾ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ ചെങ്ങളം സ്വദേശി രാജേഷിനെ (44) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കും വിദ്യാർഥികൾക്കും ടീച്ചർമാർക്കും പരിക്കുണ്ട്.
ടീച്ചർമാരായ ഇല്ലിക്കൽ സ്വദേശി സീന, പ്രസീജ, വിദ്യാർഥികളായ ശ്രീലക്ഷ്മി, മിനി, രശ്മി എന്നിവർക്കാണ് പരിക്ക്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാകുന്പോൾ പത്ത് വിദ്യാർഥികൾ ബസിലുണ്ടായിരുന്നുള്ളൂവെന്നു പറയുന്നു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നു രാവിലെ 8.15നായിരുന്നു അപകടം. എംസാൻഡ് കയറ്റി കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ എതിരേ വന്ന പയ്യപ്പാടി ജിസാറ്റിന്റെ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോട്ടയം -കുമരകം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.
അപകടമറിഞ്ഞയുടൻ എത്തിയ ഫയർഫോഴ്സ് കട്ടർ ഉപയോഗിച്ച് ടിപ്പറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തിറക്കിയത്. എം സാൻഡ് ലോറിയിൽ നിന്ന് റോഡിലേക്കു വീണതിനാൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് വെള്ളമൊഴിച്ച് കഴുകി കളഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.