നെയ്യാറ്റിന്‍കര : കോട്ടണ്‍ഹില്‍ ഗവ. സ്കൂളിലെ വിദ്യാര്‍ഥികള്‍ രാത്രി ഏഴായിട്ടും വീട്ടിലെത്തിയിട്ടില്ലായെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സോഷ്യല്‍ മീഡിയയിലൂടെ രക്ഷിതാവ് പരാതിനൽകി.
നേമം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് ചെയര്‍മാന്‍കൂടിയായ എസ്. വീരേന്ദ്രകുമാറാണ് തന്റെ എഫ് ബി അക്കൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനായി കുറിപ്പിട്ടത്.
വീരേന്ദ്രകുമാറിന്റെ രണ്ടു മക്കളും പോയിവരുന്നത് സ്കൂള്‍ ബസിലാണ്.ഇന്നലെ ഏഴരയായി കുട്ടികള്‍ വീട്ടിലെത്തിയപ്പോളെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളില്‍ നിലവില്‍ പ്രവര്‍ത്തന ക്ഷമമായ ബസുകള്‍ കുറവാണ്.
ശേഷിക്കുന്നത് അറ്റകുറ്റപ്പണി കാത്തുകിടക്കുന്നു. നിരത്തിലിറങ്ങാന്‍ കഴിയുന്ന ബസുകള്‍ക്ക് ഇന്ധനത്തിന് കാശില്ലായെന്നും അദ്ദേഹം ആരോപിച്ചു.
മൂന്നരയ്ക്ക് അധ്യയനം തീര്‍ന്ന് നാലിന് സ്കൂളിലും ബസിലുമായി ചെലവഴിച്ച് ആകെ ക്ഷീണിതരായാണ് കുട്ടികള്‍ പലരും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വീടുകളിലെത്തുന്നത്.
സ്കൂളിലെ ഭൗതിക സൗകര്യം മാത്രം മെച്ചപ്പെടുത്തിയാല്‍ പോരാ എന്നും ഇത്തരത്തിലുള്ള അടിസ്ഥാന സംവിധാനങ്ങളിലും കൃത്യമായ മെച്ചപ്പെടല്‍ അനിവാര്യമാണെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.