ആമ്പല്ലൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങളിലെ അധ്യയനം ഒരു വർഷത്തിലധികമായി മുടങ്ങിയതോടെ നാശത്തിന്റെ വക്കിൽ സ്കൂൾ ബസുകൾ. കോവിഡ് ലോക്ക് ഡൗൺ വന്നതോടെ 2020 മാർച്ച് 10ന് വൈകുന്നേരം ഷെഡിൽ കയറ്റിയിട്ട വാഹനങ്ങൾ പലതും ഒരു വർഷവും നാലു മാസവും പിന്നിട്ടിട്ടും അവിടെത്തന്നെയാണ്.
ബസുകൾ നിശ്ചലാവസ്ഥയിലായതിനൊപ്പം ഒരു പറ്റം ബസ് ജീവനക്കാരുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്.
എന്തുചെയ്യണമെന്നറിയില്ല
മാനേജ്മെന്റ് സ്കൂളായാലും സർക്കാർ സ്കൂളായാലും ബസുകൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അധികൃതർ. എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് ലഭ്യമാക്കിയ ഗവ. സ്കൂളുകളിലെ ബസുകൾ പ്രവർത്തിപ്പിച്ചു നോക്കാൻ പോലുമാവാത്ത സ്ഥിതിയിലാണെന്ന് പ്രധാനാധ്യാപകർ പറയുന്നു.
പിടിഎയുടെ നേതൃത്വത്തിലാണ് ഗവ. സ്കൂളുകളിൽ ബസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിലും ഇപ്പോൾ അതും സാധ്യമാവുന്നില്ല.
ലോക്ക് ഡൗണിന്റെ ആദ്യകാലങ്ങളിൽ സ്റ്റാർട്ട് ചെയ്യുകയും ഓടിക്കുകയും ചെയ്തിരുന്നെങ്കിലും എന്നും ദീർഘ ദൂരം ഓടിയിരുന്ന വാഹനങ്ങളുടെ പരിപാലനത്തിന് അതു മതിയാവുന്നില്ല. ഏതാണ്ട് എല്ലാ വാഹനങ്ങളുടെയും ബാറ്ററി പൂർണമായും നശിച്ചു. ടയറുകളുടെ അവസ്ഥയും പരിതാപകരമാണ്.
വലിയ തുക മുടക്കേണ്ടിവരും
വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ മാത്രമെ ഗുരുതരമായ യന്ത്രത്തകരാറുകൾ മനസിലാക്കാൻ സാധിക്കൂ എന്നാണ് അ റ്റകുറ്റപ്പണികൾ ചെയ്യുന്നവർ പറയുന്നത്.
വാഹനങ്ങൾ ഓടാത്തതിനാൽ ഇവയ്ക്ക് നിലവിൽ ടാക്സ്, ഇൻഷുറൻസ് എന്നിവ അടയ്ക്കുന്നില്ല. കാലപ്പഴക്കം ഏറിയ വാഹനങ്ങളും പുതിയ നിലവാരത്തിലുള്ള വാഹനങ്ങളും ഒരേ തരത്തിലാണ് ഭീഷണി നേരിടുന്നത്.
നൂതന സാങ്കേതിക വിദ്യകളുള്ള പുതിയ വാഹനങ്ങൾ പ്രവർത്തിക്കാതിരിക്കുന്നത് അവയുടെ സെൻസർ സംവിധാനങ്ങളെ ബാധിക്കുമ്പോൾ പഴയ വാഹനങ്ങൾ കൂടുതൽ നാശോന്മുഖമായി മാറുന്ന നിലയിലാണ്.
ഭീമമായ തുക ഓരോ ബസുകൾക്കും മുതൽ മുടക്കാതെ വാഹനങ്ങൾ ഒന്നും തന്നെ റോഡിലിറക്കി ഓടിക്കാൻ കഴിയാത്ത നിലയിലാണ്.
ജീവിതം വിഴിമുട്ടി ജീവനക്കാരും
സ്കൂളുകൾക്കു വേണ്ടി മാത്രം ഓടുന്നതിനായി വാഹനം വാങ്ങിയ പ്രൈവറ്റ് ഓപ്പറേറ്റർമാർ പലരും കിട്ടിയ വിലക്ക് വാഹനം വിൽക്കുകയാണുണ്ടായത്. പല സ്കൂളുകൾക്കു വേണ്ടി സമയം അഡ്ജസ്റ്റ് ചെയ്ത് നിരവധി ട്രിപ്പുകൾ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളാണിവ. ബസ് ജീവനക്കാരായിരുന്നവരുടെ നിലയും വളരെ പരിതാപകരം തന്നെ.
ഡ്രൈവറും ആയയും ആയി രണ്ട് ജീവനക്കാർ ഒരു സ്കൂൾ ബസിൽ ഉണ്ടായിരുന്നു. മറ്റു ജോലികൾക്കൊപ്പം സമാന്തരമായി ഈ ജോലി ചെയ്തിരുന്നവരും ഇതു മാത്രം ഉപജീവന മാർഗമാക്കിയിരുന്നവരും ഇപ്പോൾ വരുമാനം നിലച്ച അവസ്ഥയിലാണ്.