കാട്ടാക്കട: വിദ്യാർഥികൾക്ക് സ്വന്തമായൊരു ന്യൂസ് ചാനൽ. മുതിർന്ന വാർത്ത അവതാരകയെ പോലെ ഒരു വിദ്യാർഥിനി അവതരിപ്പിക്കുന്ന ന്യൂസ് ബുള്ളറ്റിൻ.
ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികളുടെ ന്യൂസ് ചാനലാണിത്. വാർത്തകൾ വായിക്കുന്നത് മാത്രമല്ല ബുള്ളറ്റിനുകൾ ഷൂട്ട് ചെയ്യുന്നത് മുതൽ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൗത്യം വരെ ഏറ്റെടുത്തിരിക്കുന്നതും സ്കൂൾ കുട്ടികളാണ്.
അധ്യയനം ക്ലാസ് മുറികളിൽ നിന്നും ഡിജിറ്റലായി മാറുകയും ദൃശ്യമാധ്യമങ്ങളുടെ പ്രാധാന്യം കുട്ടികളടക്കം തിരിച്ചറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് മാറനല്ലൂരിലെ ഊരുട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തിലെ വിദ്യാർഥികൾ സ്വന്തമായൊരു ന്യൂസ് ചാനൽ ആരംഭിച്ച് അധ്യാപകരെയും രക്ഷകർത്താക്കളെയുമടക്കം അമ്പരപ്പിച്ചിരിക്കുന്നത്.
ഈ കോവിഡ് കാലത്ത് അരങ്ങിലും അണിയറയിലും വിദ്യാർഥികൾ നേതൃത്വം നൽകുന്ന ചാനൽ അനുദിനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ നേതൃത്വത്തിലുള്ള സരസ്വതി വിദ്യാലയമെന്ന യൂട്യൂബ് ചാനലിലെ വീഡിയോ എഡിറ്റ് ചെയ്യുന്ന പ്ലസ്ടു വിദ്യാർഥികളായ കൃഷ്ണനുണ്ണിയും ശിവയുമാണ് ഈ വാർത്താചാനലിന് നേതൃത്വം നൽകുന്നത്.
ഇവരുടെ വീഡിയോ എഡിറ്റിംഗ് കഴിവിനെ പറ്റി അറിഞ്ഞ പ്രിൻസിപ്പൽ എം.ടി. ജയദേവനാണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇംഗ്ലീഷ് അധ്യാപികയും ക്ലാസ് ടീച്ചറുമായ ജിഷയും പിന്തുണച്ചതോടെ വിദ്യാർഥികൾ ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുവരുകയായിരുന്നു.
വിദ്യാർഥികൾ ഓരോ ദിവസത്തേയും പ്രധാനവാർത്തകൾ തെരഞ്ഞെടുത്ത് പ്രിൻസിപ്പലിനും അധ്യാപികയ്ക്കും അയച്ചുകൊടുക്കും. അതിൽ നിന്ന് അവർ തെരഞ്ഞെടുക്കുന്ന വാർത്തകൾ വായിക്കാനാകുന്ന രൂപത്തിലാക്കി വാർത്ത അവതരിപ്പിക്കുന്ന വിദ്യാർഥിക്ക് വാട്സ് ആപ്പിലൂടെ നൽകും.
വിദ്യാർഥി വീട്ടിൽവച്ച് വാർത്തകൾ വായിച്ച്, അത് മൊബൈൽ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് എഡിറ്റർമാർക്ക് അയയ്ക്കും. ആ വീഡിയോ എഡിറ്റ് ചെയ്ത് സാങ്കേതികതികവോടെ ബുള്ളറ്റിനാക്കി മാറ്റുന്നത് കൃഷ്ണനുണ്ണിയും ശിവയുമാണ്.അന്തർദേശീയ – ദേശീയ – സംസ്ഥാന – പ്രാദേശിക വാർത്തകൾ കൂടാതെ സ്കൂളിലെ വാർത്തകളും ഈ ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തുന്നുണ്ട്.
വിദ്യാർഥികളുടെ കഴിവുകൾ പൊതുസമൂഹത്തിലെത്തിക്കാനും ഈ വേദി അവർ ഉപയോഗിക്കുന്നു. സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴിയും വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയുമാണ് ബുള്ളറ്റിൻ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. അതിന് വേണ്ടിയുള്ള സാങ്കേതിക സഹായവുമായി സ്കൂൾ പിആർഒ അനൂപും രംഗത്തുണ്ട്.
ഓരോ ദിവസവും ഓരോ വിദ്യാർഥിയാണ് വാർത്ത അവതരിപ്പിക്കുന്നത്. കുട്ടികളുടെ ന്യൂസ് ബുള്ളറ്റിന് വലിയ കാഴ്ച്ചക്കാരാണുള്ളതെന്ന് സ്കൂൾ അധികൃതരും പറയുന്നു.