സ്വന്തം ലേഖകൻ
തൃശൂർ: വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാന്പു കടിയേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകളിലും സുരക്ഷ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നുച്ചതിരിഞ്ഞ് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേരും.
ജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂൾ അധികൃതരുടേയും അസോസിയേഷൻ ഭാരവാഹികളുടേയും യോഗം രണ്ടു ദിവസത്തിനകം ചേരും. ജില്ലയിൽ കാടുംപടലവും പിടിച്ചുകിടക്കുന്ന സ്കൂളുകൾ ഉണ്ടോ എന്ന് പരിശോധിക്കും. തങ്ങളുടെ സ്കൂൾ പരിസരം വൃത്തിയാണെന്നും കാടുംപടലവും പിടിച്ചു കിടക്കുന്നില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് ദോഷമാകുന്ന സാഹചര്യമില്ലെന്നുമുള്ള റിപ്പോർട്ട് എല്ലാ സ്കൂൾ അധികൃതരിൽ നിന്നും ജില്ല ഭരണകൂടം ആവശ്യപ്പെടും.
കാടും പടലവും പിടിച്ചു കിടക്കുന്ന സ്കൂളുകൾ വയനാട് പോലുള്ള ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ കുറവാണെങ്കിലും ചില ഭാഗങ്ങളിൽ നിന്ന് ഇത്തരം സുരക്ഷ പ്രശ്നങ്ങളുള്ള സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും അതിനാൽ അടിയന്തിര നടപടി കൈക്കൊള്ളുകയാണെന്നും തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസ് രാഷ്ട്രദീപികയോടു പറഞ്ഞു.
തൊഴിലുറപ്പു പദ്ധതി സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കാൻ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന കാര്യവും അതിന്റെ പരിമിതികൾ എങ്ങിനെ മറികടക്കാമെന്നതും പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. സ്കൂളുകളും പരിസരങ്ങളും ക്ലാസ് മുറികളും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും കളക്ടർ വ്യക്തമാക്കി.
സ്കൂൾ പരിസരങ്ങൾ മാത്രമല്ല സ്കൂളുകളുടെ സമീപത്തുള്ള പല ബസ് സ്റ്റോപ്പുകളുടെ പിൻഭാഗങ്ങളും പരിസരവും പൊന്തക്കാടുകൾ നിറഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വൃത്തിയാക്കാനും നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞു.