കരുനാഗപ്പള്ളി : മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിടം യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് കി ഫ്ബി ഉന്നതതല സംഘം പരിശോധന നടത്തി. മണ്ഡലത്തിലെ മൂന്ന് സ്കൂളുകളിലാണ് പരിശോധന നടത്തിയത്.കരുനാഗപ്പള്ളി യുപി ജി സ്കൂൾ, ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുഴിത്തുറഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിലാണ് സംഘം പരിശോദന നടത്തിയത്.
ഈ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പ് പുതിയ കെട്ടിടങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച ഭരണാനുമതിയും സർക്കാർ നൽകിയിരുന്നു. കിഫ്ബിയിൽ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ തീരദേശ വികസന കോർപ്പറേഷൻ സ്കൂളുകളുടെ വികസന പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിന്റെയും ഭൗതിക സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായാണ് കിഫ് ബിയുടെ സംഘം പരിശോദന നടത്തിയത്.
കിഫ്ബി കൾസട്ടന്റ് രാജീവ്, എൻജിനീയർമാരായ ആഷിഖ്, സജീൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.വെള്ളിയാഴ്ച കരുനാഗപ്പള്ളി യു പി ജി സ്കൂളിൽ എത്തിയ സംഘം അദ്ധ്യാപകർ പി ടി എ, നഗരസഭാ അധികൃതർ എന്നിവരുമായി ചർച്ച നടത്തി.നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, നഗരസഭാ കൗൺസിലർ എൻ സി ശ്രീകുമാർ, എഇഒ ടി രാജു, ബിപിഒ മധു, ഹെഡ്മിസ്ട്രസ് ആർ ശോഭ, എസ്എംസി ചെയർപേഴ്സൺ ആർ കെ ദീപ, മാതൃസമിതി പ്രസിഡന്റ് സുജിത തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് ഇരുപത്തി ഒന്ന് ക്ലാസ് മുറികളോളം വരുന്ന നിർദിഷ്ട കെട്ടിട സമുച്ചയത്തിന്റെ മാതൃക ഉൾപ്പടെ സംഘം പരിശോധി ിച്ചു. തുടർന്ന് ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കൽ, കുഴിത്തുറ സ്കൂളുകളിലും സംഘം പരിശോധന നടത്തി.3 കോടി രൂപ വീതം വരുന്ന പദ്ധതി നിർദ്ദേശങ്ങളാണ് ഓരോ സ്കൂളിനുമായി തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കിയിരിക്കുന്നത്.
പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിക്കുമെന്ന് പരിശോധനാസംഘം അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കിഫ് ബി യോഗത്തിൽ പദ്ധതി അംഗീകാരത്തിനായി വരുന്നത്.