കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് സംബന്ധിച്ച് എല്‍പി വിഭാഗത്തിന്റെ പരാതിക്ക് ഇനിയും പരിഹാരമായില്ല. ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് പുതുക്കി നിശ്ചയിച്ചതില്‍ എല്‍പി വിഭാഗത്തോട് കടുത്ത വിവേചനമാണ് ഉണ്ടായിരിക്കുന്നതെന്ന പരാതിയാണ് വ്യാപകമായിരിക്കുന്നത്.
എല്‍പി വിഭാഗത്തിന് ഒരു കുട്ടിക്ക് 6.19 രൂപയും യുപി വിഭാഗത്തിന് 9.19 രൂപയുമാണ് പുതുക്കിയ നിരക്ക്. എല്‍പി വിഭാഗത്തിന് ആറ് രൂപയായിരുന്നത് 19 പൈസ മാത്രമാണ് വര്‍ധിപ്പിച്ചത്.
യുപി വിഭാഗത്തിന് 8.17 രൂപ ആയിയിരുന്നു പഴയ നിരക്ക്. എല്‍പി വിഭാഗത്തില്‍ 6.19 രൂപയില്‍ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്. യു.പി.വിഭാഗത്തില്‍ 9.19 രൂപയില്‍ 5.57 രൂപ കേന്ദ്ര വിഹിതവും 3.72 രൂപ സംസ്ഥാന വിഹിതവുമാണ്.
ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാചകവാതകം, കടത്തു കൂലി തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന തുകയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരക്ക് പുതുക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനവും നിരക്ക് പുതുക്കാന്‍ നിര്‍ബന്ധിതമായത്. സംസ്ഥാന സര്‍ക്കാരിന്റെ തനത് പോഷകാഹാര പദ്ധതിയായ മുട്ട, പാല് വിതരണത്തിന് അനുവദിക്കുന്ന തുകയും അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്.
ഒരു മുട്ടയ്ക്ക് ഏഴ് രൂപയും അതില്‍ കൂടുതലും കമ്പോള വിലയുള്ളപ്പോള്‍ ആറ് രൂപയാണ് സ്കൂളുകള്‍ക്ക് നല്‍കുന്നത്. 58 രൂപ വിലയുള്ള പാലിന് 52 രൂപയാണ് അനുവദിക്കുന്നത്.
ഇതു മൂലം ബാക്കിത്തുക പ്രധാനാധ്യാപകന്റെ പോക്കറ്റില്‍നിന്ന് എടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരക്ക് പുതുക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനവും നിരക്ക് പുതുക്കാന്‍ നിര്‍ബന്ധിതമായത്.
- സീമ മോഹന്‍ലാല്‍