കോൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനു ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താൻ തീരുമാനം. ഏപ്രിൽ വരെയുള്ള നാലുമാസത്തേക്ക് ഇതിനായി സംസ്ഥാന സർക്കാർ 371 കോടിരൂപ അനുവദിച്ചു.
ഈ വർഷം അവസാനം നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം. ഉച്ചഭക്ഷണത്തിന്റെ ഭാഗമായി ചോറും ഉരുളക്കിഴങ്ങും സോയാബീനും മുട്ടയും ഉൾപ്പെടെയുള്ള ഭക്ഷണം നൽകുന്നുണ്ട്.
ഇതിനു പുറമേയാണ് ആഴ്ചയിൽ ഒരുതവണ ചിക്കനും പഴങ്ങളും നൽകുന്നത്. ഏപ്രിലിനുശേഷം ഇവ നൽകില്ലെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ആഴ്ചയിൽ 20 രൂപ വീതം ഓരോ കുട്ടിക്കും അധികമായി ചെലവഴിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ. പശ്ചിമബംഗാളിൽ സർക്കാർ സ്കൂളുകളിലെ 1.16 കോടി വിദ്യാർഥികളാണ് ഉച്ചഭക്ഷണത്തിന്റെ പ്രയോജനം ലഭിക്കുന്നത്.
സംസ്ഥാന-കേന്ദ്രസർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് ഇതിനായി പണം ചെലവഴിക്കുന്നത്. അതേസമയം, അധികപോഷണത്തിനായുള്ള 371 കോടിരൂപ പൂർണമായും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്.