രവിശങ്കർ ഭാരതി എന്ന അധ്യാപകൻ അടിച്ചുപൂസായാണു രാവിലെ സ്കൂളിലെത്തിയത്. ഈസമയം മറ്റ് അധ്യാപകരൊന്നും സ്കൂളിലെത്തിയിരുന്നില്ല. ലഹരി തലയ്ക്കു പിടിച്ച രവിശങ്കറിന് അന്നു ക്ലാസെടുക്കാൻ തോന്നിയില്ല. അദ്ദേഹം സ്കൂളിലെത്തിയ വിദ്യാർഥികളെ “ഇന്നു സ്കൂളില്ല, എല്ലാവരും വീട്ടിൽ പോയ്ക്കോ’ എന്നു പറഞ്ഞു തിരിച്ചയച്ചു.
ബിഹാറിലെ നൗഹട്ട ഏരിയയിൽ നാല് അധ്യാപകരും 185 വിദ്യാർഥികളുമുള്ള മിഡിൽ സ്കൂളിലാണു സംഭവം നടന്നത്. സ്കൂളിൽ പോയ മക്കൾ പെട്ടെന്നുതന്നെ മടങ്ങി വരുന്നതു കണ്ട രക്ഷിതാക്കൾ കാര്യം തിരക്കി.
ഒടുവിൽ മദ്യപിച്ചു ലക്കുകെട്ട അധ്യാപകൻ സ്വയം അവധി പ്രഖ്യാപിച്ച കാര്യമറിഞ്ഞ മാതാപിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തി. അവർ അധ്യാപകനെ കെട്ടിയിട്ടശേഷം പോലീസിൽ വിവരമറിക്കുകയായിരുന്നു.
പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. അധ്യാപകനു കോടതി പിഴശിക്ഷ വിധിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ. അധ്യാപകന്റെ ജോലി തെറിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.