ആലപ്പുഴ: പ്രളയാനന്തര വേദിയിൽ കലയുടെ മാസ്മരിക ചുവടുവയ്പുകളുയരാൻ ഇനി നാലുനാൾ മാത്രം. ഏറെ നാളിനു ശേഷം കിഴക്കിന്റെ വെനീസിലേക്കെത്തിയ കലാമേളയെ ലളിതവും പ്രൗഢവുമാക്കുന്നതിന്റെ അന്തിമ ഒരുക്കങ്ങളിലാണ് അധികൃതരും ദേശവാസികളും .29 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 12,000 വിദ്യാർഥികളാണ് പങ്കെടുക്കാനെത്തുന്നത്.
പരാതിക്കിട നൽകാത്തവിധം പ്രവർത്തനം ഏകോപിപ്പിക്കുമെന്നും മേള വൈസ് ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ ജി. വേണുഗോപാൽ പറഞ്ഞു. 29 വേദികളുടെയും പെയിന്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനായ നഗരസഭ ചെയർമാൻ തോമസ് ജോസഫ് വ്യക്തമാക്കി. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്.
കലോത്സവമാകെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാൻ നഗരസഭയുടെ മുഴുവൻ സംവിധാനവും ഉപയോഗിക്കും.ആറിനു രാവിലെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങും. ഇവർക്കും അധ്യാപകർക്കും സംഘാടകർക്കും ഉൾപ്പടെയുള്ളവർക്ക് നൽകാനുള്ള ബാഡ്ജുകൾ അഞ്ചിനു തന്നെ തയാറാകും.
14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്ട്രേഷൻ കൗണ്ടറിലുണ്ടാവുക. അറവുകാട് മുതൽ തുന്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്കൂളുകളിലാണ് വിദ്യാർഥികൾക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും 20 വിദ്യാർഥികൾ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി പോലീസ് സേവനവും ലഭ്യമാക്കും.
മത്സരാർഥികൾക്കുള്ള ഭക്ഷണം തയാറാക്കുക ഇഎംഎസ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന പ്രധാന കലവറയിലാകുമെങ്കിലും മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നാലുകേന്ദ്രങ്ങൾ വഴിയാകും വിതരണം. ചെലവു ചുരുക്കലിന്റെ ഭാഗമായാണിത്. പ്രത്യേക വാഹനങ്ങളിൽ ഭക്ഷണവും കുടിവെള്ളവും ഇവിടെ നിന്നും നേരത്തെ എത്തിക്കുമെന്ന് ഭക്ഷണസമിതി അധ്യക്ഷൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
അഞ്ചുതരം കറിയും ചോറും പായസവും ഉൾപ്പെടുന്നതാകും ഉച്ചഭക്ഷണം. രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറിമാറി നൽകും. സ്റ്റേഡിയത്തിൽ 10,000 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന പന്തൽ ഇതിനായി സജ്ജമാക്കും.
എല്ലാ കേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാണ് ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീൽ പാത്രങ്ങൾ ഇതിനായി സ്വരൂപിച്ചു. കലോത്സവ ഭക്ഷണം തയാറാക്കുന്ന പഴയിടം മോഹനൻ നന്പൂതിരി ഇതിനകം രണ്ടുതവണയെത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ആറിനെത്തുന്ന കുട്ടികൾക്കു കൂടി ഭക്ഷണം കരുതണമെന്ന മന്ത്രിയുടെ നിർദേശം നടപ്പാക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിനം 30,000 ലിറ്റർ കുടിവെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജലഅഥോറിട്ടി, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ എത്തിക്കും. ആറിന് മേളയിലേക്കെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് താമസകേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതും. 18 സ്കൂൾ ബസുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി സ്റ്റാൻഡ്്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏർപ്പെടുത്തും. കലോത്സവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകൾ സൗഹൃദയാത്രകൾ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസ് സേനയുടെ സഹായവും ലഭ്യമാക്കും.
ഇതോടൊപ്പം നടക്കുന്ന സംസ്കൃതോൽസവത്തിനും അറബിക് കലോൽസവത്തിനും ആയിരത്തോളം വിദ്യാർഥികളെത്തുമെന്നാണ് പ്രതീക്ഷ. സംസ്കൃതോൽസവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മൽസരം. 300 വിദ്യാർഥികൾ പങ്കെടുക്കും. 19 ഇനങ്ങളിൽ നടക്കുന്ന അറബിക് കലോത്സവത്തിൽ 500 വിദ്യാർഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ് സജ്ജമാക്കുക.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 1600 ഓളം പോലീസുകാർ സുരക്ഷയ്ക്കായി നഗരത്തിലുണ്ടാകും. കുട്ടിപോലീസും സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി എന്നിവരും സഹായത്തിനുണ്ട്. ആലപ്പുഴ ബീച്ചടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാസംവിധാനം ശക്തമാക്കും.