കുറവിലങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിൽ ജില്ലാതല അപ്പീലിലൂടെ പങ്കെടുക്കുന്നതിന് കെട്ടിവയ്ക്കേണ്ട തുക പകുതിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ. സർക്കാർ അംഗീകരിച്ച സ്കൂൾ കലോത്സവ മാന്വലിലെ ന്യൂനതകൾ പരിഹരിച്ചെത്തിയപ്പോഴാണ് അപ്പീൽതുക പകുതിയിലെത്തിയത്. മാന്വൽ പ്രകാരം ജില്ലാതല അപ്പീലിന് 10,000 രൂപ നൽകണമെന്നതാണ് 5,000 ആയി കുറച്ചു.
അപ്പീൽ തുക കുറച്ചതടക്കം മുൻ മാന്വലിലെ 10 തീരുമാനങ്ങളാണ് ന്യൂനതയുള്ളതായി കണ്ടെത്തി പരിഷ്കരിച്ചിട്ടുള്ളത്. പുതിയ തീരുമാനങ്ങളനുസരിച്ച് ഒന്ന്, രണ്ട് കാറ്റഗറികളിലെ ചിത്രരചന (പെൻസിൽ) മത്സരവും കാറ്റഗറി നാലിലെ കാർട്ടൂണ് രചനയടക്കമുള്ള എല്ലാ രചനാ മത്സരങ്ങളും രണ്ട് മണിക്കൂറായിരിക്കും.
നാടോടിനൃത്തം, സംഘനൃത്തം എന്നിവയിൽ അമിതമായ ആഡംബരം ഒഴിവാക്കാനും പുതിയ മാന്വൽ നിർദേശിക്കുന്നുണ്ട്. എല്ലാ നൃത്ത ഇനങ്ങൾക്കും ഓടക്കുഴൽ ഉപയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. മാർഗംകളി സംബന്ധിച്ച ആദ്യ നിബന്ധനകളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ തീരുമാനത്തിന് അനുസൃതമായി മൂന്ന് മുതൽ മൂന്നര മീറ്റർ നീളമുള്ള മുണ്ടാണ് മാർഗംകളിക്ക് ഉപയോഗിക്കേണ്ടത്.
24 ഞൊറികളുള്ള അടുക്ക് ഉണ്ടായിരിക്കണം. 14 പദവും കളിക്കേണ്ടതില്ലെങ്കിലും പദങ്ങൾ ക്രമം തെറ്റാതെ കളിക്കാനും നിർദേശമുണ്ട്. നാടക മത്സരത്തിൽ നല്ല നടനും നല്ല നടിക്കും എ ഗ്രേഡിന് നൽകുന്ന സ്കോളർഷിപ്പ് നൽകാനും തീരുമാനമെടുത്തു. ഗൗരവപൂർണ്ണമായ ആക്ഷേപഹാസ്യനാടകീയ മുഹൂർത്തത്തിന്റെ ദൃശ്യാവിഷ്കാരമായിരിക്കണം സ്കിറ്റെന്ന് പ്രത്യേകം തിരുത്തൽ വരുത്തിയിട്ടുണ്ട്.
പൂരക്കളിയുമായി ബന്ധപ്പെട്ട് മുൻ മാന്വലിൽ മുദ്രയ്ക്ക് 20 മാർക്ക് എന്ന് ചേർത്തിരുന്നത് മെയ്വഴക്കം 20 മാർക്ക് എന്ന് തിരുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സർക്കുലർ വ്യക്തമാക്കുന്നു.
– ബെന്നി കോച്ചേരി