കോഴിക്കോട്: മലബാറിന്റെ മടിത്തട്ടിൽ കൗമാരകലാമേളയുടെ തിരി തെളിഞ്ഞു. ഇനിയുള്ള അഞ്ചു നാളുകൾ ചരിത്രനഗരി കലയുടെ വർണക്കാഴ്ച്ചകൾ സാക്ഷ്യം വഹിക്കും.
61-ാമത് സ്കൂൾ കലോത്സവത്തിൽ 24 വേദികളിലായി പതിനായിരത്തിലധികം കൗമാര പ്രതിഭകൾ നൃത്തവും ഒപ്പനയും സംഗീതവുമെല്ലാമായി കോഴിക്കോട്ട് മാറ്റുരയ്ക്കും.
പട്ടാളബൂട്ടുകളുടെ പരുക്കന്‍ ശബ്ദം കേട്ടു പരിചയിച്ച വെസ്റ്റ്ഹില്‍ വിക്രം മൈതാനി ചിലങ്കയുടെ നാദത്തില്‍ മുഖരിതമാകും. കലോത്സവത്തിന്റെ പ്രധാനവേദിയാണ് വിക്രം മൈതാനം.
രാവിലെ എട്ടരയ്ക്ക് കലോത്സവ പതാക ഉയർന്നു. പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇവിടെ തിരിതെളിയിച്ചതോടെ വേദി ഉണർന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് കലാമാമാങ്കം സാമൂതിരിയുടെ തട്ടകത്തിലേക്കു വീണ്ടുമെത്തുന്നത്.
കലാലോകത്തെ വരവേല്‍ക്കാന്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ജേതാക്കള്‍ക്കുള്ള 117.5 പവന് സ്വര്‍ണക്കപ്പ് ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി.
നഗരഹൃദയത്തിലെ മാനാഞ്ചിറ മൈതാനം രാത്രി കാലത്ത് വെള്ളിവെളിച്ചം വിതറി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്.
ഉത്സവ ലഹരിയിലാണ് കോഴിക്കോട്ടുകാര്‍. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടെപ്പം നടക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. 9352 കലാകലാകാരന്മാരാണ് ഇന്നലെവരെ കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികൾ മത്സരിക്കട്ടെ,രക്ഷിതാക്കൾ കണ്ട് മനം കുളിർപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കുട്ടികളുടെ ഉത്സവത്തിൽ അവർ മത്സരിക്കട്ടെയെന്നും രക്ഷിതാക്കൾ അതു കണ്ട് മനം കുളിർപ്പിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 61-ാമത് സംസ്ഥാന കലോത്സത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളുടെ മത്സരങ്ങൾ രക്ഷിതാക്കൾ എന്ന നിലയിൽ എല്ലാവരും ആസ്വദിക്കുകയാണ് വേണ്ടത്. അത് സ്വന്തം കുട്ടിയെന്നല്ല,
എല്ലാ മക്കളുടെയും പ്രകടനങ്ങൾ ശ്രദ്ധിക്കാനും ആസ്വദിക്കാനും കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു. കലാ സാംസ്കാരിക മേഖലയുടെ മടങ്ങിവരവാകട്ടെ കലോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെ തുടർന്ന് വിദ്യാർഥികൾ അനുഭവിച്ച മാനസിക സമ്മർദം ചെറുതല്ല. മാനസിക സമ്മർദ്ദത്തിൽ നിന്നുള്ള മോചനമാണ് കലോത്സവങ്ങൾ. കലോത്സവത്തിൽ കോവിഡ് പ്രതിരോധം ശ്രദ്ധിക്കണം. കുട്ടികളുടെ ഉത്സവം ആയതിനാൽ തന്നെ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.