ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. രാവിലെ മുതൽ തന്നെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിക്കും. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്ട്രേഷൻ കൗണ്ടറിലുണ്ടാകും.
ഇവർക്കും അധ്യാപകർക്കും സംഘാടകർക്കും ഉൾപ്പടെയുള്ളവർക്കു നൽകാനുള്ള ബാഡ്ജുകൾ ഇന്നു തന്നെ തയാറാകും. 29 വേദികളിലായി നടക്കുന്ന 188 മത്സര ഇനങ്ങളിലായി 12000-ഓളം കലാകാരൻമാരും കലാകാരികളും അരങ്ങിൽ വിസ്മയം തീർക്കും. പ്രോഗ്രാമുകളുടെ നടത്തിപ്പ് കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ സൗജന്യമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. 400 അധ്യാപകരെ പ്രോഗ്രാം നടത്തിപ്പിനു വേണ്ടി മാത്രമായി നിയോഗിച്ചിട്ടുണ്ട്.
കലോത്സവ മാനുവൽ പ്രകാരം നാലു മത്സരയിനങ്ങൾ പ്രത്യേകമാക്കിയിരുന്നു. ഇതുപ്രകാരം കഥകളി, തുള്ളൽ, നാടോടിനൃത്തം, മിമിക്രി എന്നിവയ്ക്ക് ആണ്-പെണ് വിഭാഗങ്ങളിൽ മത്സരമുണ്ടാകും. ഇതോടൊപ്പം ചില മത്സരയിനങ്ങളിൽ ഉപകരണ സംഗീതം ഉപയോഗിക്കുന്നതിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
പന്തലിൽ വേദികളുണ്ടാകില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നെങ്കിലും മുഖ്യവേദിയായ ലിയോ തേർട്ടീന്ത് സ്കൂളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദേശാനുസരണം പന്തൽ നിർമാണം ആരംഭിച്ച് അന്തിമഘട്ടത്തിലായി. ഇതു കൂടാതെ പാചകശാലയ്ക്കായി ഇഎംഎസ് സ്റ്റേഡിയത്തിലും പന്തൽ ഉണ്ട്. ഭക്ഷണവിതരണം നാലുവേദികളിൽ എത്തിച്ചിട്ടായിരിക്കും. മൂവായിരം പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള പന്തലാണ് മുഖ്യവേദിയിൽ ഒരുങ്ങുന്നത്.
അതോടൊപ്പം വിവിധ വേദികളുടെ അറ്റകുറ്റപ്പണികൾക്കായി 25ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്. ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും കലോത്സവം. നാളെ മുതൽ തന്നെ കലോത്സവ വേദികളിലേക്ക് വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും എത്തിത്തുടങ്ങും. അറവുകാട് മുതൽ തുന്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്കൂളുകളിലാണ് വിദ്യാർഥികൾക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇവിടങ്ങളിൽ സഹായത്തിനായി പ്രാദേശികമായി ജനകീയ സമിതികളും 20 വിദ്യാർഥികൾ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി പോലീസ് സേവനവും ലഭ്യമാക്കും. 18 ഓളം സ്കൂൾ ബസുകൾ ഇവരുടെ യാത്രയ്ക്കായി ഉപയോഗിക്കും.
കഐസ്ആർടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കലോത്സവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകൾ സൗഹൃദയാത്രകളും ഒരുക്കും. പോലീസ് സേനയെ കൂടാതെ കുട്ടിപ്പോലീസും എൻസിസി, സ്കൗട്ട്-ഗൈഡ്സ് എന്നിവയും സജീവമാകും.
സുരക്ഷയും ട്രാഫിക് ക്രമീകരണങ്ങളും ഒരുക്കാൻ 1200-ഓളം വരുന്ന പോലീസ് സേനാംഗങ്ങൾ കലോത്സവ വേദികളിലുണ്ടാകും. സിസി ടിവി കാമറകളും സജ്ജമാക്കും. മുന്നൂറോളം വനിതാ പോലീസ് സംഘം തന്നെ എത്തുന്നുണ്ട്. പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞു തന്നെ പോലീസ് സേന സജീവമായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും അറിയിച്ചു.