തൃശൂർ: കൗമാര കലാമാമാങ്കത്തിന് സംസ്കാരികനഗരിയിൽ അരങ്ങുണരാൻ ഇനി മൂന്നു നാൾ. ആറു മുതൽ പത്തു വരെ നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയായ നീർമാതളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്നലെ നടന്ന അവലോകന യോഗത്തിൽ വിലയിരുത്തി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവ. മോഡൽ ഗേൾസ് സ്കൂളിലായിരുന്നു യോഗം. ഉദ്ഘാടനചടങ്ങിൽ തൃശൂർ ജില്ലയിൽനിന്നുള്ള മന്ത്രിമാർക്കു പുറമെ, സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പങ്കെടുക്കും.
കലോത്സവത്തിന്റെ ദൃശ്യവിസ്മയം 8.45ന് അരങ്ങേറും. കർശനമായി ഹരിതനയം അനുസരിച്ചാണ് കലോത്സവ സംഘാടനം. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റി പ്രവർത്തിക്കുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ സമ്പൂർണ യോഗം ഇന്നു ചേർന്ന് അവസാന ഒരുക്കങ്ങൾ വിലയിരുത്തും. നാലു ലക്കങ്ങളിലായി ഇലഞ്ഞി എന്ന പേരിൽ വാർത്താപത്രികയും പുറത്തിറക്കും. മത്സരങ്ങൾ നടക്കുന്ന വേദിക്കരികിൽ വീഡിയോവോളുകളും സ്ഥാപിക്കും.
അവലോകന യോഗത്തിൽ എംഎൽഎമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ, ബി.ഡി. ദേവസി, കെ. രാജൻ, വി.ആർ. സുനിൽകുമാർ, യു.ആർ. പ്രദീപ്, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ, സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായർ, ഡെപ്യൂട്ടി മേയർ ബീന മുരളി, സബ് കളക്ടർ രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു.
സ്വർണക്കപ്പ് നാളെയെത്തും
തൃശൂർ: നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയിൽനിന്ന് നാളെ രാവിലെ 10 ന് തൃശൂർ ജില്ലാതിർത്തിയായ കടവല്ലൂരിലെത്തുന്ന സ്വർണക്കപ്പിന് അമ്പലം സ്റ്റോപ്പിൽ വരവേൽപ്പു നൽകും. തുടർന്ന് പെരുമ്പിലാവ് ടിഎംവിഎച്ച്എസ്എസിലെത്തിക്കുന്ന സ്വർണക്കപ്പ് മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.