കോട്ടയം: സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഭാരം തുടര്‍ന്നും പ്രധാനാധ്യാപകര്‍ സഹിക്കണം. സര്‍ക്കാര്‍ വിഹിതമായ എട്ട് രൂപയ്ക്ക് ഊണും പാലും മുട്ടയുമൊക്കെ കൊടുത്തേ തീരൂ. മിക്കയിനം പച്ചക്കറികള്‍ക്കും കിലോ 50 രൂപയ്ക്കു മുകളിലാണ്. മുട്ടയ്ക്കും പാലിനും വില കൂടി. സര്‍ക്കാര്‍ നല്‍കുന്നത് അരി മാത്രം. പാചകവാതക ചെലവും എട്ടു രൂപയില്‍നിന്ന് കണ്ടെത്തണം.
സ്കൂള്‍ ഭക്ഷണ നിരക്ക് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത അധ്യയന വര്‍ഷത്തിലും നടപ്പാകില്ല. കഴിഞ്ഞ അധ്യയനവര്‍ഷം ഭക്ഷണം നല്‍കിയതില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പാചകക്കാരുടെ വേതനവും കുടിശികയാണ്.
തോരനും ഒഴിച്ചുകറിയും അച്ചാറും ഉള്‍പ്പെടെ അഞ്ചു ദിവസം ഊണും ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉള്‍പ്പെടെ ഭക്ഷണമാണ് സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ ഓണത്തിനും മറ്റ് വിശേഷങ്ങള്‍ക്കും സദ്യയും. പച്ചക്കറി വില കുത്തനെ ഉയരുമ്പോള്‍ സാമ്പത്തിക ബാധ്യത അപ്പാടെ പ്രധാന അധ്യാപകന് വഹിക്കണം. ഇക്കൊല്ലം വിരമിച്ച പ്രധാന അധ്യാപകര്‍ക്ക് കുടിശിക ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യമാണ്.