എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാൻ ഇനി രണ്ടു ദിവസംമാത്രം ബാക്കിനിൽക്കെ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും വിതരണം ചെയ്ത വകയിൽ ഇനിയും പണം ലഭിക്കാതെ സംസ്ഥാനത്തെ സ്കൂളുകൾ പ്രതിസന്ധിയിൽ. ഉച്ചഭക്ഷണം വിതരണം ചെയ്ത വകയിൽ സെപ്റ്റംബർ മുതലുള്ള പണം ലഭിക്കാനുണ്ട്. പ്രഭാതഭക്ഷണം വിതരണം ചെയ്ത വകയിൽ ഒരു രൂപ പോലും സ്കൂൾ തുറന്ന് ഇത്ര ദിവസമായിട്ടും ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ 12327 സ്കൂളുകളിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. അത്ര തന്നെ സ്കൂളുകളിൽ പ്രഭാത ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. ഒരു കുട്ടിയ്ക്ക് ഉച്ച ഭക്ഷണത്തിന് എട്ടു രൂപയും പ്രഭാത ഭക്ഷണത്തിന് ഏഴു രൂപയുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്.
ഉച്ചഭക്ഷണത്തിലുള്ള എട്ടു രൂപയിൽ നിന്നും ഒരു രൂപ പാചകം ചെയ്യുന്നയാൾക്കാണ്. ഉച്ചഭക്ഷണത്തിനും പ്രഭാതക്ഷണത്തിനും കൃത്യമായ മെനുവും സർക്കാർ സർക്കുലറായി പുറത്തിറക്കിയിട്ടുണ്ട് ചോറിനോടൊപ്പം അവിയൽ സാന്പാർ, തോരൻ ഉൾപ്പടെ നിർബന്ധമായും രസം അച്ചാർ എന്നിവ കൂടി നൽകണമെന്നുമുണ്ട്. പ്രഭാതഭക്ഷണത്തിനും ദോശയും ഇഡ്ഡലി അടക്കമുള്ള ഭക്ഷണവും വിതരണം ചെയ്യണം.
മുട്ടയും പാലും നൽകുന്ന സ്കൂളുകളും പല ജില്ലകളിലുമുണ്ട്. ഉച്ചഭക്ഷണത്തിനുള്ള പണം വിദ്യാഭ്യാസ വകുപ്പും പ്രഭാതഭക്ഷണത്തിനുള്ള പണം പഞ്ചായത്തുകളുമാണ് നൽകേണ്ടത്. എന്നാൽ സംസ്ഥാനത്ത് കടുത്ത സാന്പത്തിക പ്രതിസന്ധികാരണം ഒരിടത്തും നിന്നും സ്കൂളധികൃതർക്ക് പണം ലഭിക്കുന്നില്ല. പണം ലഭിക്കാതായതോടെ പല സ്കൂളുകളും രണ്ടു പദ്ധതികളും താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
പണം കിട്ടുമെന്ന് കരുതി ഇത്രയും നാളും പദ്ധതി മുന്നോട്ടുകൊണ്ടുപോയ പ്രധാന അധ്യാപകരും ഭക്ഷണത്തിൻറ ചുമതലയുള്ള അധ്യാപകരും പണം കിട്ടാതെ കടക്കെണിയിലായി. അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ് മിക്ക സർക്കാർ സ്കൂളുകളും. ഓരോ ദിവസവും ഇതു മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ അയ്യായിരത്തോളം രൂപവേണം. നഗര പ്രദേശങ്ങളിലെ കുട്ടികളെക്കാൾ ഗ്രാമ പ്രദേശങ്ങളിലെ കൂട്ടികളാണ് സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി കൂടുതലും ഉപയോഗിക്കുന്നത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലെ കുട്ടികളാണ് ദുരിതത്തിലായിരിക്കുന്നത്. മഴക്കെടുതിയും ഉരുൾപൊ ട്ടലും തകർത്ത വയനാട് ജില്ലയിലടക്കമുള്ള കുട്ടികൾ ഭക്ഷണത്തിനായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ പിടിഎ ഉണ്ടെങ്കിലും സാന്പത്തികമായ മെച്ചമായ അവസ്ഥയിൽ അല്ല. ഇതുകാരണം പലരിൽ നിന്നും വായ്പ എടുത്തും സ്പോൺസർമാരെ കണ്ടെത്തിയുമാണ് ഭക്ഷണപദ്ധതിയുമായി അധ്യാപകർ ഇതുവരെ മുന്നോട്ടുപോയത്.
പലവ്യജ്ഞനങ്ങൾ അടക്കമുള്ള സാധനങ്ങളും പച്ചക്കറി വാങ്ങിയ വകയിലും ലക്ഷക്കണക്കിനു രൂപയാണ് പല സ്കൂളധികൃതരും വ്യാപാരികൾക്ക് നൽകാനുള്ളത്. മാസങ്ങളായിട്ടും പണം ലഭിക്കാതായതോടെ കടഉടമകൾ പണത്തിനായി സ്കൂളുകൾ കയറി ഇറങ്ങുകയാണ്. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകർ ഇപ്പോൾ കടക്കാരെ പേടിച്ച് ഒളിച്ചു നടക്കേണ്ട അവസ്ഥയിലാണ്.
ക്രിസ്മസ് അവധിയ്ക്ക് സ്കൂൾ അടയ്ക്കുന്ന താത്കാലിക ആശ്വാസത്തിലാണ് പല സ്കൂൾ അധികൃതരും. പണം ലഭിച്ചില്ലെങ്കിൽ സ്കൂൾ തുറന്നാൽ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണവും വിതരണം ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് സ്കൂളുകൾ. ട്രഷറി നിയന്ത്രണം പൂർണമായും എന്നും പിൻവലിക്കുമെന്ന ഉറപ്പുപോലും സർക്കാർ നൽകാതായതോടെ കടക്കാരോട് അവധി പറയാനും പറ്റാത്ത അവസ്ഥയാണ്.
സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഇന്നത്തെ അവസ്ഥ അത്ര ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും വിദ്യാഭ്യാസ മന്ത്രിയേയും അടക്കം പല സ്കൂളധികൃതരും അറിയിച്ചെങ്കിലും പണം ലഭിക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ല. ചു