ഒറ്റപ്പാലം : പത്തിരിപ്പാല ഹയർ സെക്കന്ററി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷത്തിന്റെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാതിരുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പട്ടികജാതി കമ്മിഷൻ അംഗം എസ്.അജയകുമാർ.
പത്തിരിപ്പാല സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ക്രമക്കേടിൽ തെളിവു ലഭിച്ച സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ മാത്രമല്ല, ഇവരെ സംരക്ഷിച്ചവർക്കെതിരെയും കർശന പടപടിയെടുക്കാൻ ഇടപെടുമന്ന് കമ്മിഷനംഗം കൂടിയായ മുൻ എംപി എസ്.അജയകുമാർ വ്യക്തമാക്കി.
പാവപ്പെട്ട പട്ടികജാതി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ഉച്ചഭക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തെളിവെടുപ്പ് നടത്തുകയും പരാതിയിൽ കഴന്പുണ്ടന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടായില്ലങ്കിൽ കുറ്റം ആവർത്തിക്കപ്പെടും. കുറ്റം കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവരെ സംരക്ഷിച്ചവരും കുറ്റക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
2013-18 കാലയളവിൽ 25 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അജയകുമാർ പറഞ്ഞു. 100 ഓളം പട്ടികജാതി വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ ഫണ്ട് ക്രമക്കേട് കാണിച്ചെന്നാരോപിച്ച് പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കൾ, സ്കൂൾ പിടിഎ പ്രസിഡന്റ് ഒ.സുരേഷ് എന്നിവരാണ് കമ്മിഷന് പരാതി നൽകിയത്.
പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരായ കെ.എസ്.ശ്രീജ, മിനിമോൾ മണി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരും, മങ്കര സിഐ കെ.ഹരീഷക്കമുള്ളവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നു.