കോഴിക്കോട്: ശകത്മായ കാറ്റില്‍ നഗരത്തില്‍ വ്യാപക നാശനഷ്ടം. കല്ലായ് റോഡിലെ വുഡ്ഡീസ് ഹോട്ടലിന്റെ ഹോര്‍ഡിംഗിന്റെ തൂണുകള്‍ മീറ്ററുകളോളം പറന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളിന് മുകളിലേക്ക് വീണു. രണ്ട് തൂണുകളാണ് പറന്ന് വീണത്.
ഇതില്‍ ഒരു തൂണ് ക്ലാസ് റൂമിലേക്ക് വീണ് ബഞ്ചും ഡസ്കും ചുവരുകളും തകര്‍ന്നു. അഞ്ച് ആറ് ക്ലാസ് മുറികളുടെ ഭിത്തിയും തകര്‍ന്നു. ഒരു തൂണ് വരാന്തയിലേക്കാണ് വീണത്. സ്കൂള്‍ അവധിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് ഹോള്‍ഡിംഗ് തകര്‍ന്ന് വീണത്. നഗരത്തില്‍ പത്തിലേറെ സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതവും തടസപ്പെട്ടു. പുതിയങ്ങാടി, സൗത്ത് ബീച്ച്, പുതിയാപ്പ, ചാലപ്പുറം, റാംമോഹന്റോഡ്, സി.എച്ച്.മേല്‍പാലത്തിന് താഴെ, എ.ജി.റോഡ്, ടാഗോര്ഹാളിന് മുന്‍വശം, നാലാംഗേറ്റ് എ്ന്നിവിടങ്ങളിലാണ് മരംവീണത്.
ഇതേതുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. റാംമോഹന് റോഡില്‍ പൂതേരി ക്വട്ടേഴ്സിനു മുന്നിലെ കൂറ്റന്‍മരമാണ് കടപുഴകി വീണത്. ബീച്ച് സ്റ്റേഷനില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റിയത്.
പല സ്ഥലങ്ങളിലും ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്നുണ്ടെന്നും ബീച്ച് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ അറിയിച്ചു. കോഴിക്കോട് മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ്, സ്റ്റേഡിയം പരിസരം, പൂതേരി ക്വാട്ടേഴ്സ് എന്നീ ഭാഗങ്ങളിലെല്ലാം വെള്ളം കയറി.
കടകളൊന്നും തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. പാവമണി റോഡിലും വെള്ളം കെട്ടികിടുക്കുകയാണ്. മാവൂര്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. കാല്‍നടയാത്രക്കാര്‍ക്ക് പോലും ഇതുവഴി പോവാന്‍ സാധിക്കാത്ത സ്ഥിതിയാണ്.