എടത്വ: പ്രളയത്തെ തോൽപ്പിച്ച് കൃഷി നടത്തി കുരുന്നുകൾ. എടത്വ സെന്റ് മേരീസ് എൽപിഎസിലെ കുരുന്നുകളാണ് പ്രളയത്തിൽ നഷ്ടപ്പെട്ട് പോയ കൃഷി പുനരുദ്ധരിച്ച് വീണ്ടും കൃഷി നടത്തി മൂന്നുമാസമായപ്പോൾ വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്രയ്ക്ക് വിളവെടുത്ത പച്ചക്കറി നല്കി വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യുന്നു.
പയർ, വെണ്ട, കോവയ്ക്കാ, തക്കാളി, കാബേജ്, പാവൽ, കുക്കുന്പർ, വെള്ളരി, കോളിഫ്ളവർ, പച്ചമുളക്, ചീര, ചേന എന്നീ വിളകളാണ് വിളവെടുത്തത്. ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ബാക്കി വരുന്ന സാധനങ്ങൾ പൊതുവിപണിയിൽ വിറ്റു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങര പറഞ്ഞു.
അധ്യാപകരായ ജിജോമോൻ തോമസ്, അരുണ്‍ തോമസ്, ജെസി, ജിസ്, സിജി, ജിക്കു, വിമല, നിമ്മി, ഷെറിൻ, അനു എന്നിവർ നേതൃത്വം നൽകി.