കോഴിക്കോട്: സംസ്ഥാനമൊട്ടാകെയുള്ള 1200 ഓളം വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ഏകോപിപ്പിക്കാനും മോണിറ്റർ ചെയ്യാനുമെന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 14 വാഹനങ്ങൾ വാടകയ്ക്ക് എടുത്തത് സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതി ഫണ്ട് വിനിയോഗിച്ച്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിൽ നിന്നു 81.14 ലക്ഷം രൂപ വിനിയോഗിച്ച് ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്തതോടെ സ്കൂൾ പാചകത്തൊഴിലാളികളിൽ പ്രതിഷേധം.
5.42 കോടി രൂപയാണ് അവധിക്കാല സമാശ്വാസ തുക ഇനത്തിൽ പാചകതൊഴിലാളികൾക്കു ലഭിക്കാനുള്ള കുടിശിക. എന്നാൽ, കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മാർഗരേഖ പ്രകാരം നിയമവിധേയമായിട്ടാണ് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ എടുത്തതെന്നും തൊഴിലാളികളുടെ കുടിശിക നൽകുന്ന കാര്യം പരിഗണനയിലാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ 218 റവന്യു, ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കാര്യാലയങ്ങളുടെ പ്രവർത്തനം സുഗമമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അനർട്ടിൽ നിന്നാണ് കാറുകൾ വാടകയ്ക്കെടുത്തത്. 2009ൽ 14 ഡിഡിഇ ഓഫീസുകൾക്കായി വാങ്ങിയ വാഹനങ്ങളുടെ ഫിറ്റനസ് കാലാവധി ഇക്കഴിഞ്ഞ മേയിൽ അവസാനിച്ചതിനെ തുടർന്നാണ് സർക്കാർ ഏജൻസിയായ അനർട്ടിൽ നിന്നു തന്നെ കരാർ അടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്ക് കാറുകൾ എടുക്കാൻ തീരുമാനിച്ചത്.
പ്രധാനമായും നാല് ഇനങ്ങളിലായാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കുന്നത്. സ്കൂളുകൾക്കുള്ള തുക, പാചക തൊഴിലാളികൾക്കുള്ള ഓണറേറിയം, എഫ്സിഐയ്ക്ക് അരിയുടെ ഇനത്തിൽ നൽകേണ്ട വില, സപ്ലൈക്കോയ്ക്ക് നൽകേണ്ട അരിയുടെ കടത്തുകൂലി എന്നിവയ്ക്കാണ് ഫണ്ട് വിനിയോഗിക്കാൻ അനുമതിയുള്ളത്.
ഇതല്ലാതെ ഭരണപരമായ ചെലവുകൾക്കും മറ്റും ഫണ്ട് വിനിയോഗിക്കാൻ അനുവാദമില്ലെന്നിരിക്കെ, കേന്ദ്ര വിഹിതമായി ലഭിക്കുന്ന ആകെ തുകയുടെ 2.7 ശതമാനം ഭരണപരമായ ചെലവുകൾ നടത്തുന്നതിനായി വിനിയോഗിക്കാമെന്നു സ്കൂൾ ഉച്ചഭക്ഷണ വിതരണം സംബന്ധിച്ച 2006ലെ കേന്ദ്രസർക്കാർ മാർഗരേഖയിൽ പറയുന്നുണ്ടെന്നാണ് കാർ ഇടപാടിനെ ന്യായീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
പാചക തൊഴിലാളികളുടെ സമാശ്വാസ തുക ഒഴികെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 മാർച്ച് വരെയുള്ള കാലയളവിൽ കുടിശികകൾ ഒന്നുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്. പാചക ചെലവ് ഇനത്തിലെ തുക ചില സ്കൂളുകൾ സമയബന്ധിതമായി പിൻവലിക്കാത്തതും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അപൂർവം സ്കൂളുകൾക്ക് തുക മാറിയെടുക്കാൻ സാധിക്കാത്തതും പരിഹരിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ പറയുന്നു.
ബിനു ജോർജ്