തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന് പണം അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല.
കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കുന്ന തുക പോലും സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് നൽകുന്നില്ല. 150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് കുട്ടിയൊന്നിന് എട്ടു രൂപയും അതിനുമേൽ 500 വരെ ഏഴു രൂപയും 500നുമേൽ കുട്ടികൾക്ക് ആറു രൂപയുമാണ് ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാനം അനുവദിച്ചത്. ഇത് 2016ൽ അനുവദിച്ച നിരക്കാണ്.
ഇതിൽ കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബർ മുതൽ 8.17 രൂപയായി വർധിപ്പിച്ചെങ്കിലും സ്കൂളുകൾക്ക് ഇപ്പോഴും ലഭിക്കുന്നത് 2016ലെ നിരക്കാണ്. സംസ്ഥാന സർക്കാർ പണം നൽകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം പോലും സംസ്ഥാനം പിടിച്ചുവയ്ക്കുകയാണെന്നു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് ആഴ്ചയിൽ ഒരു മുട്ടയും രണ്ടുതവണ 150 മില്ലി വീതം പാലും നൽകണം. ഇതിനു പ്രത്യേകം തുക അനുവദിക്കാത്തതിനാൽ പ്രധാന അധ്യാപകരുടെ കടബാധ്യത ഇരട്ടിക്കും. കടം വർധിക്കുന്നതിനാൽ മുട്ട, പാൽ വിതരണത്തിൽ കുറവു വരുത്തിയ പ്രധാന അധ്യാപകർക്കെതിരേ തടസവാദങ്ങൾ ഉന്നയിച്ചു നടപടിയെടുത്തു. ഇതേ തുടർന്നു പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയെ സമീപിച്ചു.
കേസിന്റെ വാദം ജൂണിൽ തുടരും. പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. പദ്ധതിക്ക് ആവശ്യമായ അരി നൽകുന്നത് കേന്ദ്രമാണ്. വിലക്കയറ്റം രൂക്ഷമായിരിക്കെ, മാവേലി സ്റ്റോറിൽ നിന്നും അരി സ്കൂളിൽ എത്തിക്കാനുള്ള ചെലവ്, പാചക വാതകത്തിന്റെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില എന്നിവയെല്ലാം പ്രധാനാധ്യാപകൻ കണ്ടെത്തണം.
ഉച്ചയൂണിന് ഒരു ഒഴിച്ചു കറിയും തോരനും നിർബന്ധമായി നൽകണം എന്നാണ് ഉത്തരവ്. അച്ചാർ, രസം എന്നിവയെ കറിയായി പരിഗണിക്കില്ല. പാചകത്തൊഴിലാളികളുടെ മാർച്ചിലെ ശമ്പളവും ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല അലവൻസും ഇതുവരെ നൽകിയിട്ടില്ല.
ഇതിനിടയിലാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പദ്ധതി നടത്തണമെന്നു നിർദേശിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അനീതികൾക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ പറഞ്ഞു.