വി. മനോജ്
തേഞ്ഞിപ്പലം: ട്രാക്കിലും ഫീല്‍ഡിലും പുതിയ തുടിപ്പുകള്‍ തേടി അറുപതാമത് കേരള സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഇന്നു കേളികൊട്ടാകും. ഇന്നു മുതല്‍ ആറു വരെ തേഞ്ഞിപ്പലം കാലിക്കട്ട് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് കായികോത്സവം അരങ്ങേറുന്നത്. ഫുട്‌ബോളിന്റെ സിരാകേന്ദ്രമായ മലപ്പുറത്ത് ഇതാദ്യമായാണ് സംസ്ഥാന സ്കൂള്‍ കായികോത്സവം വിരുന്നെത്തുന്നത്. അതുകൊണ്ട് എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കികൊണ്ടു കായികോത്സവം വന്‍ ആഘോഷമാക്കി മാറ്റാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 2581 കുട്ടികളാണ് 95 ഇനങ്ങളിലായി ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
കാലിക്കട്ടിന്റെ മികവുറ്റ ഗ്രൗണ്ടില്‍ കേരളത്തിന്റെ കൗമാര താരങ്ങള്‍ക്ക് ഇന്നു മുതല്‍ പുതിയ വേഗവും ഉയരവും തീര്‍ക്കാം. എല്ലാ ഒരുക്കവും ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ടീമുകള്‍ മിക്കതും ഇന്നലെ രാത്രി ഏഴുമണിയോവര്‍ ടീമുകള്‍ രാത്രിയോടെ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
രാവിലെ പതിനൊന്നോടെ പാലക്കാട് ടീം ആണ് ആദ്യമെത്തിയത്. ഇവര്‍ക്കു സ്ഥലം എംഎല്‍എ പി. അബ്ദുള്‍ ഹമീദിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി. പിന്നീട് മറ്റു ടീമുകളുമെത്തി. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ എറണാകുളം ഉച്ചയോടെ എത്തി. ടീമുകളെല്ലാം സുസജ്ജമായി കഴിഞ്ഞു.
പൊടിക്കാറ്റില്ലാതെ കാലില്‍ ചോര പൊടിയാതെ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്ക് ആണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തേ യൂത്ത് അത്‌ലറ്റിക്‌സ് നടക്കുമ്പോള്‍ വെറും പടികള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ടൈലുകള്‍ വിരിച്ചു മോടികൂട്ടി ശുചിമുറികള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രാക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ ദേശീയ അത്‌ലറ്റിക് മീറ്റ് ഇവിടെ വിജയകരമായി നടന്നിരുന്നു. ട്രാക്കിനെ സംബന്ധിച്ച് ആര്‍ക്കും പരാതിയില്ല. ഫീല്‍ഡും മികച്ചതെന്ന അഭിപ്രായമാണ് പരിശീലകര്‍ക്കും ഒഫീഷ്യല്‍സിനുമെല്ലാം.
നിലവിലെ ജേതാക്കളായ എറണാകുളം ഇത്തവണയും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കോതമംഗലത്തു നിന്നുള്ള മാര്‍ബേസില്‍, സെന്റ് ജോര്‍ജ് സ്കൂള്‍ , മാതിരപ്പള്ളി സ്കൂളുകള്‍ എറണാകുളത്തിനു കരുത്തു പകരുന്നു. മേഴ്‌സിക്കുട്ടന്‍ അക്കാഡമി, നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാഡമി എന്നിവയും എറണാകുളത്തിന്റെ ശക്തിയാണ്. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ കരുത്തു തെളിയിക്കുന്ന 52 അംഗടീമുമായാണ് കഴിഞ്ഞവര്‍ഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാര്‍ ബേസില്‍ എത്തിയിരിക്കുന്നത്. മാര്‍ ബേസിലിന്റെ പൊന്‍താരങ്ങളായ അനുമോള്‍ തമ്പിയും ബിബിന്‍ ജോര്‍ജും ശ്രീഹരിയും ശ്രീകാന്തും ഇത്തവണയും ടീമിലുണ്ട്. സെന്റ് ജോര്‍ജില്‍ നിന്നു 33 പേരാണ് മേളയ്‌ക്കെത്തുന്നത്. ഇത്തവണയും ശക്തമായ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നേട്ടം കൈവിടില്ലെന്നു പരിശീലക ഷിബി പറയുന്നു. എല്ലായിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള താരങ്ങളാണ് പ്രതീക്ഷയുണര്‍ത്തുന്നത്. മികച്ച ട്രാക്കാണെന്നും അതുകൊണ്ടുതന്നെ മത്സരവും അതുപോലെ പ്രതീക്ഷിക്കാമെന്നു ഷിബി വ്യക്തമാക്കി. കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും മാതിരിപ്പള്ളി ടീം പരിശീലകനുമായ പി.ഐ. ബാബുവും ഇതേ അഭിപ്രായമാണ് പറഞ്ഞത്. എല്ലാതലത്തിലും വാശിയേറിയ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ത്രോ ഇനങ്ങളില്‍ ടീം മുന്നേറുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോഴിക്കോട്ട് 12 സ്വര്‍ണമടക്കം 86 പോയിന്റുമായി കുതിച്ച പാലക്കാടും ഇത്തവണ ഗംഭീര പ്രകടനത്തിനൊരുങ്ങുകയാണ്. എറണാകുളമാണ് ഇത്തവണയും പാലക്കാടിനു വെല്ലുവിളി. കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മുണ്ടൂര്‍ എച്ച്എസ്എസ്, പറളി എച്ച്എസ്എസ് തുടങ്ങിയവ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പോന്നവരാണ്. കോഴിക്കോട്ടു നിന്നുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളും പ്രതീക്ഷയുണര്‍ത്തുന്നു.
ലിസ്ബത്ത് കരോളിന്‍ ജോസഫ്, അപര്‍ണ റോയ് തുടങ്ങിയ സുവര്‍ണതാരങ്ങള്‍ അണിനിരക്കുന്ന പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാഡമി ഇത്തവണ 25 താരങ്ങളെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ടോമി ചെറിയാനാണ് പ്രധാന പരിശീലകന്‍. ഇതിനു പുറമെ ഉഷ സ്കൂളില്‍ നിന്നുള്ള താരങ്ങളാലും സമ്പന്നമാണ് കോഴിക്കോട് ടീം. ഇവര്‍ക്കു പുറമെ പുത്തന്‍ ശക്തികളായി മറ്റു സ്കൂള്‍ ടീമുകളും ഇത്തവണ കണ്ടേക്കാം. ഇന്നു രാവിലെ ഏഴിനു മത്സരങ്ങള്‍ക്കു തുടക്കമാകും. 18 ഫൈനല്‍ മത്സരങ്ങളാണ് ഇന്നു നടക്കുക. തുടര്‍ന്ന് ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ് എംഎല്‍എ അധ്യക്ഷനായിരിക്കും. ഒളിമ്പ്യന്‍ പി.ടി.ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.എ.ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, പി.വി.അബ്ദുള്‍ വഹാബ് എംപി, എംഎല്‍എമാരായ ടി.വി.ഇബ്രാഹിം, വി.അബ്ദുറഹിമാന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, കാലിക്കട്ട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ.ജി.കിഷോര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ അക്കാഡമിക്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള, കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ,സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ചാക്കോ ജോസഫ് എന്നിവര്‍ പങ്കെടുക്കും. നാളെ മുതല്‍ രാവിലെ 6.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക.