തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ ദേശീയ തലത്തിൽ കേരളം പതിറ്റാണ്ടുകളായി മുടിചൂടാമന്നന്മാരാണ്. എന്നാൽ ഇക്കുറി ദേശീയ സ്കൂൾ അത്ലറ്റിക്സ് മീറ്റ് നടക്കുമോ എന്നതിൽ അനിശ്ചിതത്വം. ഡിസംബറിലോ ജനുവരിയിലോ നടത്തേണ്ട ദേശീയ സ്കൂൾ കായികമേള സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല.
കഴിഞ്ഞ ജൂണിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗത്തിൽ സബ്ജൂണിയർ മത്സരങ്ങൾ ഹരിയാനയും, ജൂണിയർ മത്സരങ്ങൾ ബിഹാറും, സീനിയർ മത്സരങ്ങൾ ഡൽഹിയും നടത്താമെന്നായിരുന്നു സമ്മതം. എന്നാൽ മത്സരം നടത്തേണ്ട കഴിഞ്ഞ മാസം ബീഹാറും ഹരിയാനയും കാലുമാറി. തങ്ങൾക്ക് മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന നിലപാട് എസ്ജിഎഫ്ഐയെ അറിയിച്ചു.
ഒടുവിൽ നിർബന്ധത്തിനു വഴങ്ങി ഡൽഹി ജൂണിയർ മത്സരങ്ങൾ നടത്താൻ സമ്മതമറിയിച്ചു. കഴിഞ്ഞ മാസം ജൂണിയർ മത്സരങ്ങൾ മാത്രം പൂർത്തിയാക്കി. സീനിയർ മത്സരങ്ങൾ ഇനി തങ്ങൾക്ക് നടത്താൻ കഴിയില്ലെന്ന് ഡൽഹി എസ്ജിഎഫ്ഐയെ അറിയിക്കുകയും ചെയ്തു. ഇതോടെ ഇനിയുള്ള രണ്ടു കാറ്റഗറിയിലെ മത്സരങ്ങൾ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സ്കൂൾ അത്ലറ്റിക് ഫെഡറേഷൻ.
ഉത്തരേന്ത്യയിൽ കഠിനമായ ശൈത്യമായതിനാൽ മത്സരങ്ങൾ ഇനി അവിടെ സംഘടിപ്പിച്ചാൽ താരങ്ങൾക്കും ഏറെ ബുദ്ധിമുട്ടാവുമെന്ന നിലപാടുമുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തമിഴ്നാട്, ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് മീറ്റ് ഏറ്റെടുത്തു നടത്താൻ കഴിയുമോ എന്ന അഭ്യർഥന നടത്തിയിട്ടുണ്ട്. ഇവരിൽ ആരെങ്കിലും സമ്മതം അറിയിച്ചില്ലെങ്കിൽ മത്സരനടത്തിപ്പ് ഏറെ പ്രതിസന്ധിയിലുമാകും.
നിലവിൽ മത്സരം എന്നു നടത്തുമെന്നു സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭ്യമല്ല. കേരളത്തിൽനിന്നും മത്സരങ്ങൾക്കായി പോകുന്പോൾ ഏറ്റവും വലിയ കടന്പ ട്രെയിൻ ടിക്കറ്റ് ലഭ്യമാകുക എന്നതാണ്. ഒരു മാസം മുന്പെങ്കിലും അറിഞ്ഞാൽ മാത്രമേ കുറച്ചു താരങ്ങൾക്കെങ്കിലും ടിക്കറ്റ് കണ്ഫർമേഷൻ ആയി ലഭിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഒരു സംസ്ഥാനവും മീറ്റ് ഏറ്റെടുക്കാതിരുക്കുമോ എന്ന ആശങ്കയും ശക്തമാണ്. അങ്ങനെ വന്നാൽ തിരിച്ചടി നേരിടുന്നത് കേരളത്തിലെ കായികതാരങ്ങൾക്കാവും.
തോമസ് വർഗീസ്