തേഞ്ഞിപ്പലം: കായികോത്സവമെന്നു പേരുമാറ്റിയ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കാലിക്കട്ട് സര്‍വകലാശാല സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ തുടക്കമായി. മീറ്റിലെ ആദ്യസ്വര്ണമുള്പ്പെടെ രണ്ടു സ്വര്‍ണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. രണ്ടു സ്വര്‍ണവുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ പാലക്കാട് ഒപ്പത്തിനൊപ്പമുണ്ട്. പാലക്കാടിന്റെ സി.ബബിത മീറ്റ് റിക്കാര്ഡിടുന്നതിനും കായികോത്സവത്തിന്റെ ആദ്യദിനം സാക്ഷിയായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ബിപിന്‍ ജോര്‍ജാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. 2013ല്‍ പാലക്കാട് മുണ്ടൂര്‍ എച്ച് എസിലെ പി.യു.ചിത്ര സ്ഥാപിച്ച സംസ്ഥാന റിക്കാര്‍ഡും 2006ല്‍ ഷാമിന ജബ്ബാര്‍ സ്ഥാപിച്ച ദേശീയ റിക്കാര്‍ഡും ബബിത തകര്‍ത്തു. പിന്നാലെ ജൂണിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ആദര്‍ശ് ബേബിയും എറണാകുളത്തിനായി സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് സ്വര്‍ണം സ്വന്തമാക്കി. കുമരംപുത്തൂര്‍ എച്ച്എസ്എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വര്‍ണം ഓടിയെടുത്തത്.
ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് ബബിതയുടെ സ്വര്‍ണനേട്ടം. ഒന്‍പത് മിനിറ്റ് 37.2 സെക്കന്‍ഡിലാണ് ബബിത സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. എറണാകുളത്തിന്റെ അനുമോള്‍ തമ്പി വെള്ളി നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കല്ലടി സ്കൂളിലെതന്നെ സി.ചാന്ദിനിയും പാലക്കാടിനായി സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാടിനാണ്. ഇന്നു 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. സീനിയര്‍ വിഭാഗത്തില്‍ ഡിസ്കസ് ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട്, ജാവ്—ലിന് ത്രോ എന്നിവയിലും രാവിലെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ മല്‍സരമാണ് ഇന്നത്തെ ഗ്ലാമര്‍ ഇനം. ഉദ്ഘാടന ചടങ്ങ് മൂന്നരയ്ക്ക് തുടങ്ങും. ജില്ലകളില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തിന്റെ ആധിപത്യത്തിന് തടയിടാന്‍ ഉറച്ചാണ് പാലക്കാട് ഇത്തവണ എത്തുന്നത്. കഴിഞ്ഞ തവണ 241 പോയിന്റുകളോടെയാണ് എറണാകുളം കിരീടമുയര്‍ത്തിയത്. പാലക്കാട് (225) രണ്ടാമതും കോഴിക്കോട് (130) മൂന്നാമതുമെത്തി.