തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ചാമ്പ്യന്‍ ജില്ലയ്ക്കും ചാമ്പ്യന്‍ സ്കൂളിനും നല്‍കുന്നത് എവർ റോളിംഗ് ട്രോഫി ആണെന്നിരിക്കേ അതും നല്‍കേണ്ടെന്ന നിലപാട് കായികമഖലയില് കടുത്ത പ്രതിഷേധത്തില്‍. പ്രളയം സംസ്ഥാനത്തിന് കനത്ത നഷ്ടങ്ങള്‍ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താന്‍ തീരുമാനിച്ചത്.
സ്കൂള്‍ മീറ്റിന്റെ ആവേശമാണ് ചാമ്പ്യന്‍ ജില്ലയും ചാമ്പ്യന്‍ സ്കൂളും. ചാമ്പ്യന്‍ ജില്ലയുടെയും ചാമ്പ്യന്‍ സ്കൂളിന്റെയും കൈവശമുള്ള ട്രോഫികള്‍ കൈമാറിയാല്‍ മാത്രം മതി. യാതൊരു സാമ്പത്തിക ബാധ്യതയും ഈ എവർ റോളിംഗ് ട്രോഫികള്‍ കൈമാറുന്നതിന് തടസമാകില്ല. പിന്നെ എന്തിനാണ് ഈ ട്രോഫികള്‍ നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് തടസം നില്‍ക്കുന്നതെന്നാണ് പൊതുവെയുള്ള ചോദ്യം.
താരങ്ങള്‍ക്കു മെഡല്‍ വാങ്ങി നല്‍കുന്നതിന് ആറു ലക്ഷം രൂപ ആവശ്യമാണെന്ന പേരില്‍ ഇക്കുറി വ്യക്തിഗത മെഡലുകള്‍ നല്‍കേണ്ടെന്ന തീരുമാനം നേരത്തേ കൈക്കൊണ്ടിരുന്നു. പ്രളയത്തില്‍നിന്ന് അതിജീവനം നടത്തുന്നതിനു വിദ്യാര്‍ഥികള്‍ക്ക് പരമാവധി പ്രോത്സാഹനങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടത്. സ്കൂള്‍ മീറ്റ് വേണ്ടെന്ന നിലപാട് വരെ സ്വീകരിച്ച അധികാരികള്‍ വ്യാപക പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പേരിനൊരു മീറ്റ് നടത്തി തടിയൂരാനുള്ള ശ്രമത്തിലാണ്.
എത്തുന്നത് 1821 താരങ്ങള്‍
പ്രളയത്തെ അതിജീവിച്ച കൗമാര കായികപ്രതിഭകള്‍ പോരാട്ടത്തിനായി അരയും തലയും മുറുക്കിക്കഴിഞ്ഞു. മൂന്നുദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സുവര്‍ണ താരങ്ങളാവാന് ഇവര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. ഇക്കുറി 1821 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. ഇതില്‍ 950 ആണ്‍കുട്ടികളും 871 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
2017ല്‍ 2558 താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. ഇത്തവണ റവന്യു ജില്ലാ തലത്തിലെ മൂന്നാം സ്ഥാനം നേടിവരെ സംസ്ഥാന മീറ്റില്‍ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം വന്നതോടെയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 700 ലധികം താരങ്ങള്‍ കുറവായത്. ഇത്തരമൊരു തീരുമാനം കൊണ്ട് സര്‍ക്കാരിനു ഗുണമൊന്നുമില്ല.
എന്നു മാത്രമല്ല കായികതാരങ്ങളില്‍ പലര്‍ക്കും ദേശീയ മീറ്റുകളില്‍ പോകുന്നതിനായുള്ള സുവര്‍ണാവസരമാണ് നഷ്ടമാകുന്നത്. മീറ്റിനെത്തുന്ന താരങ്ങള്‍ക്ക് ആകെ നല്‍കുന്നത് ഭക്ഷണം മാത്രമാണ്. താരങ്ങളില്‍ പകുതിയിലേറെപ്പേരും സ്വന്തം പണം മുടക്കിയാണ് ഭക്ഷണം പോലും സാധാരണ കഴിക്കാറുള്ളത്.
ഇക്കുറി 96 മത്സര ഇനങ്ങള്‍
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി ജൂണിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജൂണിയര്‍ ആണ്‍കുട്ടികള്‍ക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സ് ആയിരുന്നത് 110 മീറ്ററാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഇത്തവണ മുതല്‍ ഉണ്ടായിരിക്കില്ല. സീനിയര്‍ ആണ്‍കുട്ടികള്‍ക്ക് 5000 മീറ്റര്‍ മാറ്റി 3000 മീറ്ററാക്കി.
സീനിയര്‍, ജൂണീയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിന്റെ ഭാരം അഞ്ചു കിലോഗ്രാമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നു കിലോഗ്രാമും ആക്കി കുറച്ചിട്ടുണ്ട്. ഡിസ്കസ് , ഹാമര്‍, ജാവലിന്‍ എന്നിവയുടെ ഭാരത്തിലും നേരിയ കുറവ് വരുത്തിയിട്ടുണ്ട്. ക്രോസ് കണ്ട്രി ദൂരം ആറു കിലോമീറ്റര്‍ എന്നത് അഞ്ചായും കുറച്ചു.
തോമസ് വര്‍ഗീസ്