എം.ജി. ലിജോ
തിരുവനന്തപുരം: പ്രളയാനന്തര സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിറംമങ്ങിയ തുടക്കം. ആർഭാടങ്ങൾ എല്ലാം ഒഴിവാക്കിയപ്പോൾ ആവേശമാപിനിയും താഴുന്ന കാഴ്ച്ചയാണ് തുടക്കത്തിലേ കണ്ടത്. രാവിലെ നടന്ന 3000 മീറ്ററിൽ മലബാറിൽ നിന്നുള്ള സ്കൂളുകളുടെ ആധിപത്യമായിരുന്നു.
ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയുടെ സൽമാൻ ഫാരിസ് ആണ് ആദ്യ മെഡൽ ജേതാവ്. 8:56.16 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സൽമാൻ മീറ്റിലെ ആദ്യ മെഡൽ ജേതാവായത്. തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്.
ജൂണിയർ പെണ്‍കുട്ടികളിൽ കോഴിക്കോട് ഹോളിഫാമിലി എച്ച്എസ്എസ് കട്ടിപ്പാറയിലെ കെ.പി. സനിക സ്വർണം നേടി. 10:19.48 മിനിറ്റിൽ ഓടിയെത്തിയ സനികയ്ക്ക് പിന്നിൽ പാലക്കാട് കുമരംപുത്തൂർ എച്ച്എസ്എസിലെ സി. ചാന്ദിനി വെള്ളി നേടി. മാർ ബേസിലിന്റെ ബിലിന ബാബുവിനാണ് വെങ്കലം.
സീനിയർ ആണ്‍കുട്ടികളിൽ മാർ ബേസിലിന്റെ ആദർശ് ഗോപിക്ക് സ്വർണം ലഭിച്ചപ്പോൾ എം. അജിത്ത് (സിഎഫ്ഡിവിഎച്ച്എസ്എസ്), പി. ശ്രീരാഗ് (എച്ച്എസ് പറളി) എന്നിവർ വെള്ളിയും വെങ്കലവും നേടി. സീനിയർ പെണ്‍കുട്ടികളിൽ പാലക്കാട് കുമരംപുത്തൂരിലെ എൻ. പൗർണമി (10:27.87) സ്വർണം നേടി. പി.എസ് സൂര്യ (നാട്ടിക ഗവ. ജിഎച്ച്എസ്എസ്), മിന്നു പി. റോയ് (സായ് തിരുവനന്തപുരം) എന്നിവർക്കാണ് വെള്ളിയും വെങ്കലവും.
പ്രളയത്തിന്റെ പേരിൽ ആർഭാടമൊഴിവാക്കിയതോടെ മീറ്റിന്റെ ആവേശത്തിനും കുറവു വന്നിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി കായികപ്രേമികളുടെ സാന്നിധ്യം പേരിനു പോലുമില്ല. ഞായറാഴ്ച്ച മീറ്റ് സമാപിക്കും.
ചിത്രങ്ങൾ: ബിബിൻ സേവ്യർ