എം.ജി. ലിജോ
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ഡബിള്‍ തിരുവനന്തപുരം സായിയുടെ സല്മാന് ഫറൂഖിന്. മേളയുടെ ആദ്യ ദിനത്തിലെ ആദ്യ സ്വര്‍ണം നേടിയ സല്മാന് ഇന്ന് രാവിലെ ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് രണ്ടാം മെഡല്‍ സ്വന്തമാക്കിയത്.
തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് സല്മാന്.സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഇടുക്കി അണക്കര സ്വദേശിനി മിന്നു പി. റോയിയാണ് താരമായത്. 4:43.81 മിനിറ്റില്‍ സ്വര്‍ണത്തിലേക്ക് ഓാടിയെത്തിയ മിന്നു എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വര്‍ണമണിഞ്ഞത്. കുമളി അണക്കര സ്വദേശിനിയാണ്.
അഞ്ചുവര്‍ഷമായി തിരുവനന്തപുരം സായിയുടെ താരമാണ്.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ എഫ്ഡിഎച്ച്എസ്എസിലെ എ. ദിവ്യ സ്വര്‍ണം നേടി. 14:4725 മിനിറ്റിലാണ് ദിവ്യയുടെ സുവര്‍ണനേട്ടം. ഈ ഇനത്തില്‍ പാലക്കാട് മുണ്ടൂരിന്റെ സി.കെ. ശ്രീജ (14:55.01) വെള്ളിയും നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കല്ലടി എച്ച്എസിലെ സി. ചാന്ദിനി സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം. സമയം 3:58.72. മാര്‍ ബേസിലിന്റെ തന്നെ അഭിലാഷ് കെ. മാത്യുവിനാണ് വെള്ളി.
ആവേശമില്ല, മേളയ്ക്ക് ആകെയൊരു വാട്ടം
തിരുവനന്തപുരം: പതിവു ആവേശ പോരാട്ടങ്ങളോ വാശിയേറിയ പ്രകടനങ്ങളോ ഇല്ലാതെയാണ് സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനവും പുരോഗമിക്കുന്നത്. തിരുവനന്തപുരത്തിന്റെ പതിവ് നിസംഗതയ്ക്കൊപ്പം സര്‍ക്കാരിന്റെ വെട്ടിച്ചുരുക്കല്‍ കൂടി വന്നതോടെ മീറ്റിന്റെ രസം മുഴുവന്‍ പോയെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. ആദ്യദിനം ഉച്ചയ്ക്ക് കായികാധ്യപകര്‍ വേദിയില്‍ നടത്തിയ പ്രതിഷേധം മാത്രമാണ് ആകെ ഉണങ്ങി വരണ്ട ദിവസത്തിന് അല്പം വ്യത്യസ്തത നല്‍കിയത്.
കായികാധ്യപകരെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബാനറും കറുത്ത ബാഡ്ജും അണിഞ്ഞ് അധ്യാപകര്‍ വേദിക്കു ചുറ്റും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് ഇടയ്ക്ക് തടയാന്‍ ശ്രമിച്ചതോടെ വേദിക്കരികില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.മിക്ക ജില്ലകളിലും റവന്യു മീറ്റ് തീര്‍ന്നത് സ്കൂള്‍ കായികമേള തുടങ്ങുന്നതിന്റെ തലേദിവസമായിരുന്നു.
അതുകൊണ്ട് തന്നെ കുട്ടികള്‍ പലരും ക്ഷീണിതരായിരുന്നു. ഒന്നു വിശ്രമിക്കാന്‍ പോലും അവസരം ലഭിക്കാതെയാണ് കുട്ടികളും അധ്യാപകരും തലസ്ഥാനത്തെത്തിയത്. ഇവിടെയാകട്ടെ മിനിറ്റുകളുടെ മാത്രം ഇടവേളയില്‍ ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കേണ്ടിയും വന്നു. ഇന്ന് രാവിലെ രണ്ടു കുട്ടികള്‍ക്ക് 3000 മീറ്ററില്‍ പരിക്കേറ്റു.
ഫോട്ടോ -ബിബിൻ സേവ്യർ