തൃശൂർ: അങ്ങനെ ഒരു എസ്എസ്എൽസി പരീക്ഷാക്കാലം കൂടി കഴിഞ്ഞിരിക്കുന്നു. ഇന്നുച്ചയ്ക്ക് അവസാനത്തെ പരീക്ഷയുടെ പേപ്പർ കൂടി തിരികെ കൊടുക്കുമ്പോൾ പത്തു പന്ത്രണ്ടു വർഷത്തെ സുദീർഘമായ പഠനകാലത്തിനാണ് ഒരു ചെറിയ അവധി കിട്ടിയിരിക്കുന്നത്. പരീക്ഷ ചൂടും വേനൽചൂടും എല്ലാം കൂടി തലയ്ക്ക് ചൂട് പിടിപ്പിച്ച ഒരു പരീക്ഷക്കാലമായിരുന്നു ഇത്തവണ.
പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക കുട്ടികളും പറയുന്ന പോലെ, കുഴപ്പമില്ല…. എന്ന് ഉത്തരത്തിന് ഭൂരിപക്ഷം വോട്ട്.ഇപ്രാവശ്യം വാലുവേഷൻ കടുകട്ടിയാകും എന്നാണ് കേൾക്കുന്നത്. എ പ്ലസുകൾ വല്ലാതെ കൂടുന്നതിനെ കുറിച്ച് കഴിഞ്ഞതവണ റിസൾട്ട് വന്നപ്പോൾ ചൂടേറിയ ചർച്ച വന്നതുകൊണ്ട് ഇത്തവണ മാർക്കിടുന്ന കാര്യത്തിൽ നല്ല പിടി പിടിക്കും എന്നാണ് ശ്രുതി. ഇന്ന് ഹോളി ആഘോഷം കൂടിയായിരുന്നു. ഹോളിഡേയ്ക്ക് മുമ്പുള്ള ഹോളി…
ആ ആഘോഷവും ലാസ്റ്റ് ഡേ സെലിബ്രേഷനും ശരിക്കും പൊരിച്ചു. വാട്സപ്പും ഫോണുമൊക്കെ എല്ലാവർക്കും ഉള്ളതുകൊണ്ട് കൂട്ടുകാരെ അധികമൊന്നും മിസ് ചെയ്യില്ല.. പരീക്ഷ കഴിഞ്ഞതുകൊണ്ട് ഇനി ഫുൾടൈം വാട്സാപ്പിൽ കുത്തിപ്പിടിച്ചിരുന്നാലും വീട്ടുകാർ ഒന്നും പറയില്ലായിരിക്കും. വർഷങ്ങൾക്കുശേഷം എന്ന വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ട്രെയിലറിൽ പ്രണവ് മോഹൻലാൽ പറയുന്ന പോലെ തീരെ സമയമില്ല. സിനിമ കാണണം, ക്രിക്കറ്റ് കാണണം, പൂരത്തിനു പോണം, എക്സിബിഷൻ കാണണം… വളരെ ബിസിയാണ് ഇനിയങ്ങോട്ട്… അപ്പോഴേക്കും റിസൾട്ട് വരും. ആ സമയത്ത് ടെൻഷനടിച്ച് കിളി പോകും.
എന്നാലും അതുവരെ അടിച്ചുപൊളിക്കാം. ചേട്ടനും ചേച്ചിയും ഒക്കെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിറ്റേദിവസം മുതൽ ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ പോയിട്ടുണ്ടെന്ന് കേട്ടു. ഇപ്പോൾ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾകുറവാണ്. സമയം കിട്ടിയാൽ വേറെ എന്തെങ്കിലും വെക്കേഷൻ കോഴ്സുകൾ ചെയ്യണം. ഇഷ്ടം പോലെയല്ലേ കോഴ്സുകൾ. പണ്ടൊക്കെ പത്തു കഴിഞ്ഞാൽ ബോംബെയ്ക്കോ മദ്രാസിലേക്കോ ഒക്കെ ആളുകൾ ജോലി തേടി പോകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
ഇനിയെന്ന് കാണും എന്ന് ചോദിച്ചു ആരും ഓട്ടോഗ്രാഫ് ഒന്നും കൊണ്ടുവന്നില്ല. ചേട്ടനും ചേച്ചിയും ഒക്കെ ഇപ്പോഴും പഴയ ഓട്ടോഗ്രാഫ് എടുത്ത് എന്തൊക്കെയോ ഓർക്കുന്നത് കാണാം. നമ്മൾ സെൽഫി എടുത്തു കൂട്ടി. റീൽസുമുണ്ട്… ഇപ്പോഴും ചാമ്പിക്കോ എന്ന മമ്മൂക്കയുടെ ഡയലോഗിന് കോട്ടം തട്ടിയിട്ടില്ല…
ഷർട്ടിന്റെ പുറത്ത് കൂട്ടുകാർ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ട്. കൈത്തണ്ടയിലും.. ഞങ്ങൾ കൂട്ടുകാർ ഈ വെക്കേഷനു പരസ്പരം കത്ത് എഴുതാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഒരു ചെയ്ഞ്ച്.. സുരാജ് വെഞ്ഞാറമൂട് ചോദിക്കും പോലെ ‘വെറൈറ്റി അല്ലേ…’ ടീച്ചർമാരെ കണ്ട് യാത്ര പറഞ്ഞപ്പോൾ സങ്കടം വന്നു.. സത്യം. പിന്നെ ക്ലാസ് മുറിയിൽ നിന്ന് സ്കൂളിൽ നിന്ന് പുറത്തു കടന്നപ്പോൾ മനസുപിടച്ചു.. ഇത്രകാലം ഇവിടുത്തെ കുട്ടികൾ ആയിരുന്നു ഞങ്ങൾ.. ഇനി പൂർവ്വ വിദ്യാർഥികൾ…
ഒരു നിമിഷം ഓർമ്മകൾ മഞ്ചാടിക്കുരു പോലെ ചിന്നി ചിതറി.. സ്കൂളിനെ നോക്കി കൈവീശി യാത്ര പറയുമ്പോൾ മനസിൽ പറഞ്ഞു… നിന്നെ വിട്ടു ഞാൻ എങ്ങു പോകാൻ.. അക്ഷരം പറഞ്ഞുതന്നത് , കൂട്ടി വായിക്കാൻ പഠിപ്പിച്ചത് , തെറ്റാതെ കണക്ക് കൂട്ടാൻ പറഞ്ഞുതന്നത് എല്ലാം നീയല്ലേ… നിന്നെ വിട്ട് ഞങ്ങൾ എങ്ങു പോകാൻ… സ്കൂൾ യുവജനോത്സവത്തിന് ചൊല്ലിയ കവിതയുടെ വരികൾ ഓർമ വന്നു, ‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും…’