ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിനുശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പുതുക്കിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
പുതുക്കിയ മാർഗനിർദേശം അനുസരിച്ച് വിദ്യാർഥികൾ സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സ്കൂളുകൾ രക്ഷിതാക്കളുടെ അനുവാദം വാങ്ങണോ എന്ന് അതത് സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാം.
മറ്റു രോഗാവസ്ഥകളുള്ള കുട്ടികളുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കണ്ടെയ്മെന്റ് സോണുകളിൽ നിന്നു വരുന്ന ഡ്രൈവർമാർ, സഹായികൾ എന്നിവരെ സ്കൂൾ ബസിൽ അനുവദിക്കാൻ പാടില്ല.
വീടുകളിൽനിന്നുള്ള പഠനത്തിൽനിന്ന് സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനത്തിലേക്ക് എത്തുന്നതിന് മുൻപായി ഓരോ വിദ്യാർഥിയുടെയും പഠനശേഷി മനസിലാക്കി ഓണ്ലൈൻ പഠനത്തിൽ കുട്ടികൾക്ക് പാഠഭാഗങ്ങൾ മനസിലാക്കാൻ കഴിയാതെ പോകുകയോ നഷ്ടപ്പെട്ടു പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ബ്രിഡ്ജ് കോഴ്സുകൾ നൽകി പാഠഭാഗങ്ങൾ വീണ്ടും പഠിപ്പിക്കണം.
കുട്ടികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിനായി റെമഡിയൽ പദ്ധതികൾ ആരംഭിക്കണം.
പതിനൊന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
കേരളം ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഒൻപത് സംസ്ഥാനങ്ങളിൽ സ്കൂളുകൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്.
കേരളത്തിലെ സ്കൂളുകളിൽ 97 ശതമാനത്തിലധികം അധ്യാപകരും മറ്റു ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാണ്.
അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.
രാഹുൽ ഗോപിനാഥ്