ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര എന്നീ പദപ്രയോഗങ്ങള്‍ മേലില്‍ പാടില്ല! ഈ വാക്കുകള്‍ പദ്ധതിയുടെ അന്തസിനെ ഹനിക്കുന്നത്; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയില്‍ ഉച്ചക്കഞ്ഞി, കഞ്ഞി ടീച്ചര്‍, കഞ്ഞിപ്പുര പ്രയോഗം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഞ്ഞിയും പയറും ഒഴിവാക്കി ചോറും കറിയും നിലവില്‍ വന്ന് വര്‍ഷങ്ങളായിട്ടും രേഖകളില്‍ തുടരുന്ന ‘കഞ്ഞി’ പ്രയോഗത്തിനാണ് സര്‍ക്കാര്‍ തടയിടുന്നത്. ഇത്തരം പദപ്രയോഗങ്ങള്‍ പദ്ധതിയുടെ അന്തഃസത്തയെ അവഹേളിക്കുന്നതാണെന്ന വിലയിരുത്തലിലാണ് ഡി.പി.ഐയുടെ ഉത്തരവ്.

പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജില്ല കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉച്ചക്കഞ്ഞി എന്ന പ്രയോഗം പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കണം. പി.ടി.എ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി, മദര്‍ പി.ടി.എ എന്നിവക്ക് ബോധവത്കരണം നല്‍കണം. പല സ്‌കൂളുകളിലും രജിസ്റ്ററുകളില്‍ ‘ഉച്ചക്കഞ്ഞി രജിസ്റ്റര്‍’ എന്നും പാചകപ്പുരക്ക് ‘കഞ്ഞിപ്പുര’ എന്നും ചുമതലയുള്ള അധ്യാപകരെ ‘കഞ്ഞി ടീച്ചര്‍’ എന്നും വിളിക്കുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്.

Related posts