തിരുവനന്തപുരം:കോവിഡ് പ്രതിസന്ധി തുടരുന്പോഴും പ്രതീക്ഷകളുമായി കുരുന്നുകൾ പുതിയ അധ്യവ വർഷത്തിലേക്ക്. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ ഓൺലൈനായി നിർവഹിച്ചു.
കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 15 മാസമായി കുട്ടികൾ സ്കൂളിൽ പോകാൻ കഴിയാതെ ഇരിക്കുകയാണ്. ഇതേതുടർന്നുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാനും മാനസികോല്ലാസത്തിനുമുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകം മുഴുവൻ ഇപ്പോൾ ഇങ്ങനെയാണെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ ഒരുക്കും. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൌകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി. ഇതിനായി കേരളം ഒന്നിച്ചു നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ എങ്ങനെ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്നും സ്പെഷൽ സ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഗതാതഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.മൂന്നരലക്ഷം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.