തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം.
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കും. ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് ആരംഭിക്കുന്നത്.
സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്കൂളുകളിലും മാസ്ക് കരുതണം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം.
മുന്നൊരുക്കം 15 ദിവസത്തിനു മുൻപ് പൂർത്തിയാക്കണമെന്നും നിർദേശം നൽകി. വിശദാംശംങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.
ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത്. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു.
ഒക്ടോബർ 18 മുതൽ കോളജുകളിൽ ക്ലാസ് ആരംഭിക്കും. വാക്സിനെടുത്ത വിദ്യാർഥികളുമായി എല്ലാ ക്ലാസുകളും ആരംഭിക്കാം.
കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.
പ്രതിവാര രോഗവ്യാപനനിരക്ക് (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള വാർഡുകളിൽ മാത്രം നിയന്ത്രണം മതിയെന്നാണ് പുതിയ നിർദേശം.
എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. തീയറ്റർ തുറക്കാനും അനുമതി നൽകിയിട്ടില്ല.