ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറന്നേക്കില്ല. തിങ്കളാഴ്ച ചേർന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാൽ സാഹചര്യം അനുകൂലമാകില്ലെന്ന് യോഗം വിലയിരുത്തി. ഈ വിദ്യാഭ്യാസ വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.
മുതിർന്ന വിദ്യാർഥികൾക്കായി ഏതാനും ക്ലാസുകൾ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആരംഭിക്കാനുള്ള സാധ്യതകൾ ആരായുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിനു സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത ആരായുന്നുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിർദേശം നൽകുക മാത്രമേ ചെയ്യൂ. ഓരോ ജില്ലയിലെയും കോവിഡ് സാഹചര്യമനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കു തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 22,68,675 ആയി. മരണ സംഖ്യ 45,257 ആയി ഉയര്‍ന്നു.